കോണ്‍ഗ്രസിന് ചവിട്ടി നില്‍ക്കാനുള്ള മണ്ണുമായുള്ള ബന്ധം പോലും നഷ്ടമായി; പ്രധാനമന്ത്രി

ന്യൂഡല്‍ഹി:പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് പ്രധാനമന്ത്രി.
ചരിത്ര നോതാക്കളെ മറന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. നെഹ്‌റു കുടുംബത്തിന് പുറത്തുള്ള ഒരു കോണ്‍ഗ്രസുകാര്‍ക്കും ആര്‍ഹിച്ച അംഗീകാരം ലഭിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് ലോക്സഭയില്‍ മറുപടി നല്‍കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പേര് പറയാന്‍ പോലും കോണ്‍ഗ്രസ് താല്‍പര്യപ്പെടുന്നില്ല. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ ഭാരത രത്‌നം നല്‍കി ആദരിച്ചത് ബി.ജെ.പി സര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാതന്ത്രസമര കാലഘട്ടത്തില്‍ കോണ്‍ഗ്രസിനുണ്ടായിരുന്ന അതേ ഉത്സാഹമാണ് ഇപ്പോഴും വേണ്ടത്. അടിയന്തരാവസ്ഥയിലൂടെ രാജ്യത്തെ തടവറയാക്കിയ കോണ്‍ഗ്രസിന് ആ കളങ്കം ഒരിക്കലും മായ്ക്കാനാവില്ല.

ഇപ്പോഴുള്ള പ്രതിപക്ഷത്തിന് ചവിട്ടി നില്‍ക്കാനുള്ള മണ്ണുമായുള്ള ബന്ധം നഷ്ടമായെന്നും പ്രധാനമന്ത്രി കുറ്റുപ്പെടുത്തി.കോണ്‍ഗ്രസ് മുത്തലാഖ് ബില്ലിനെ പിന്തുണയ്ക്കണം. മുത്തലാഖ് നിരോധനത്തെ വിശ്വാസവുമായി കൂട്ടിക്കുഴച്ച് രാഷ്ട്രീയം കളിക്കരുതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കോണ്‍ഗ്രസ് ഭരണത്തില്‍ അസ്വസ്ഥനായതിനെ തുടര്‍ന്നാണ് 2014ല്‍ ജനങ്ങള്‍ ബി.ജെ.പി സര്‍ക്കാരിനെ അധികാരത്തില്‍ എത്തിച്ചത്. രാജ്യത്തെ സ്നേഹിക്കുന്ന ജനങ്ങളുടെ ഹിതമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലമെന്നും മോദി പറഞ്ഞു.

Top