PM Modi to address nation in 28th edition of ‘Mann Ki Baat’

ന്യൂഡല്‍ഹി: പരീക്ഷയ്‌ക്കൊരുങ്ങുന്ന കുട്ടികള്‍ക്ക് ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തോല്‍വികളെ സ്വീകരിക്കാന്‍ പഠിച്ചാല്‍ എല്ലാം എളുപ്പമാകും. മാതാപിതാക്കളുടെ പ്രതീക്ഷകള്‍ക്ക് കുട്ടികളുടെ സ്‌കൂള്‍ ബാഗിനേക്കാളും ഭാരമുണ്ട്. കുട്ടികളില്‍ പ്രതീക്ഷയുടെ ഭാരം അടിച്ചേല്‍പ്പിക്കരുത്. തട്ടിപ്പുകള്‍ ഒരിക്കലും ഗുണകരമല്ലന്നും റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍കി ബാത്തില്‍ നരേന്ദ്ര മോദി പറഞ്ഞു.

ചിരിച്ചുകൊണ്ട് പരീക്ഷയെ നേരിട്ട് കൂടുതല്‍ മാര്‍ക്ക് നേടണം, പരീക്ഷകളെക്കുറിച്ച് ആലോചിച്ച് ആശങ്കപ്പെടുന്നതെന്തിനാണ്. ഉല്‍സവങ്ങള്‍ പോലെ ആഘോഷിക്കേണ്ടവയാണ് അവ. നല്ല മാര്‍ക്ക് നേടാന്‍ സന്തോഷമായി ഇരിക്കേണ്ടത് ആവശ്യമാണ്. ഓരോ വര്‍ഷത്തിന്റെയും വിലയിരുത്തലുകളാണ് പരീക്ഷകള്‍. ജീവിതത്തെ വിലയിരുത്തുന്നത് അങ്ങനെയല്ലന്നും വിശദീകരിച്ചു.

ഓരോ ദിവസവും മെച്ചപ്പെടുത്താന്‍ നിങ്ങള്‍ നിങ്ങളോടുതന്നെ മല്‍സരിക്കണം. മാര്‍ക്കിനുവേണ്ടിയല്ല അറിവിനു വേണ്ടി പഠിക്കണം. സച്ചിന്‍ തെന്‍ഡുല്‍ക്കറിനെ നോക്കൂ, 20 വര്‍ഷം തന്റെ തന്നെ റെക്കോര്‍ഡുകള്‍ മെച്ചപ്പെടുത്തുന്നതിനാണ് അദ്ദേഹം ശ്രമിച്ചിരുന്നത്. പ്രതീക്ഷകളാണ് എല്ലാ പ്രശ്‌നത്തിന്റെയും കാരണം.

തോല്‍വികളെ സ്വീകരിക്കാന്‍ പഠിച്ചാല്‍ എല്ലാം എളുപ്പമാകും. മാതാപിതാക്കളുടെ പ്രതീക്ഷകള്‍ക്ക് കുട്ടികളുടെ സ്‌കൂള്‍ ബാഗിനേക്കാളും ഭാരമുണ്ട്. കുട്ടികളില്‍ പ്രതീക്ഷയുടെ ഭാരം അടിച്ചേല്‍പ്പിക്കരുത്. തട്ടിപ്പുകള്‍ ഒരിക്കലും ഗുണകരമല്ല. നിങ്ങള്‍ തട്ടിപ്പു കാണിച്ചാല്‍ കുട്ടികളോട് എന്തു പറയും–മോദി രക്ഷിതാക്കളോട് ചോദിച്ചു.

രാജ്യത്തിനായി ജീവന്‍ വെടിഞ്ഞ സൈനികര്‍ക്കുവേണ്ടി 30ന് രാവിലെ 11ന് രണ്ടു മിനിറ്റ് മൗനപ്രാര്‍ഥനയ്ക്കും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

റിപ്പബ്ലിക് ദിനത്തില്‍ ധീരതയ്ക്കുള്ള അവാര്‍ഡുകള്‍ നേടിയവരുടെ കുടുംബത്തിനും അവര്‍ക്കും അഭിനന്ദനങ്ങള്‍. കശ്മീരിലുണ്ടായ ഹിമപാതത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സൈനികര്‍ക്കായി അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മോദി പറഞ്ഞു.

ഫെബ്രുവരി ഒന്നിന് കോസ്റ്റ് ഗാര്‍ഡ് 40 വര്‍ഷം പൂര്‍ത്തിയാക്കും. അവര്‍ എല്ലായ്‌പ്പോഴും ജാഗരൂകരായിരുന്നു. രാജ്യത്തെ സേവിച്ച എല്ലാ ജവാന്മാര്‍ക്കും നന്ദി പറയുന്നു. തീരസുരക്ഷ മാത്രമല്ല, ശുചിത്വവും അവര്‍ ശ്രദ്ധിക്കുന്നുവെന്നും മോദി ചൂണ്ടികാട്ടി.

Top