സമയോചിതമായ തീരുമാനങ്ങള്‍ കോവിഡിനെ പ്രതിരോധിക്കാന്‍ സഹായിച്ചു: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സമയോചിതമായ ഇടപെടലിലൂടെ ഇന്ത്യയ്ക്ക് കോവിഡ് വ്യാപനത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന് 21 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും കേന്ദ്ര ഭരണപ്രദേശങ്ങളിലെ ലഫ്.ഗവര്‍ണര്‍മാരുമായും നടത്തിയ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതത് സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ വിശദീകരിക്കുന്നതിലൂടെ ജൂണ്‍ 30-നു ശേഷം എന്തു ചെയ്യണമെന്ന് തീരുമാനിക്കാമെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് പറഞ്ഞു. ഏത് പ്രതിസന്ധിയേയും അതിജീവിക്കുന്നതില്‍ സമയം എന്നത് അതിപ്രധാനമായ കാര്യമാണ്. ഇന്ത്യയില്‍ സമയോചിതമായി സ്വീകരിച്ച തീരുമാനങ്ങള്‍ കോവിഡിനെ പ്രതിരോധിക്കാന്‍ ഏറെ സഹായിച്ചു. നാം നടപ്പിലാക്കിയ കോവിഡ് പ്രതിരോധമാര്‍ഗങ്ങളെക്കുറിച്ചാണ് ഇന്ന് ലോകം ചര്‍ച്ച ചെയ്യുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയിലെ കോവിഡ് രോഗമുക്തി നിരക്ക് 50 ശതമാനത്തില്‍ അധികമായിരിക്കുന്നു. ലോകത്ത് തന്നെ കോവിഡ് രോഗം ഭേദമാവുന്നവരുടെ കൂട്ടത്തില്‍ ഇന്ത്യ മുന്നിരയിലാണുള്ളത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി പിന്‍വലിക്കുന്ന അണ്‍ലോക്ക് 1 രണ്ടാഴ്ച പിന്നിട്ടിരിക്കുന്നു. ഈ സാഹചര്യത്തിലെ നമ്മുടെ അനുഭവങ്ങള്‍ ഭാവിയില്‍ നമുക്ക് ഗുണകരമായിത്തീരുമെന്നും ഭാവിയില്‍ ഇന്ത്യ കോവിഡിനെതിരെയുള്ള പോരാട്ടത്തെക്കുറിച്ച് പഠിക്കുമ്പോള്‍ ഈ കാലഘട്ടം നാം ഓര്‍ക്കുമെന്നും കാരണം നാം കൂട്ടായി പരിശ്രമിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, വൈറസിനെ പ്രതിരോധിക്കാന്‍ സഹകരണത്തിലൂന്നിയ ഫെഡറലിസത്തിന് ഒരു രൂപരേഖ തന്നെ നാം സൃഷ്ടിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ആയിരക്കണക്കിന് ഇന്ത്യക്കാരാണ് വിദേശരാജ്യങ്ങളില്‍ നിന്നു തിരിച്ചെത്തിയത്. നൂറു കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം സംസ്ഥാനങ്ങളിലേക്കും തിരിച്ചെത്തി. ഗതാഗത സംവിധാനങ്ങളെല്ലാം ഭാഗികമായി പുനഃസ്ഥാപിച്ചിരിക്കുന്നു. ലോകത്തിലെ മറ്റ് ഭാഗങ്ങളില്‍ ബാധിച്ചിരിക്കുന്നതുപോലെ ഇന്ത്യയില്‍ ബാധിച്ചിട്ടില്ലെന്നും കോവിഡ് മരണങ്ങള്‍ താരതമ്യേനെ കുറവുള്ള രാജ്യം കൂടിയാണ് ഇന്ത്യ എന്നും മോദി കൂട്ടിച്ചേര്‍ത്തു.

Top