പ്രധാനമന്ത്രിയെ കൊല്ലാന്‍ വാട്‌സാപ്പിലൂടെ ആഹ്വാനം; പതിനെട്ടുകാരന്‍ അറസ്റ്റില്‍

pm_treaten

നിലമ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല്ലാന്‍ വാട്‌സാപ്പിലൂടെ ആഹ്വാനംചെയ്ത പതിനെട്ടുകാരന്‍ അറസ്റ്റില്‍. പോത്തുകല്‍ പൊലീസ് സംഘമാണ് കൗമാരക്കാരനെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് പെരുമണ്ണ അമ്പലക്കല്‍ വീട്ടില്‍ ഷാഹുല്‍ ഹമീദാണ് പൊലീസിന്റെ പിടിയിലായത്.

വാട്‌സാപ്പ് ഹര്‍ത്താലുമായി ബന്ധപ്പെട്ട് രൂപീകരിച്ച വോയ്‌സ് ഓഫ് യൂത്ത് എന്ന അക്കൗണ്ടിലൂടെയാണ് പ്രധാനമന്ത്രിയെ കൊല്ലണമെന്ന് ആഹ്വാനം ചെയ്തത്. ഇതിനെ തുടര്‍ന്നാണ് അറസ്റ്റ്. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. എം.പി. മോഹനചന്ദ്രന്റെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തിലാണ് ഷാഹുല്‍ഹമീദ് കോഴിക്കോട്ടുനിന്ന് പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ഏപ്രില്‍ 22-ാം തീയതിയാണ് സാമൂഹമാധ്യമങ്ങളില്‍ പ്രധാനമന്ത്രിയുടെ ചിത്രവുമായി അദ്ദേഹത്തെ അവഹേളിക്കുന്ന വാട്‌സാപ്പ് സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോത്തുകല്‍ പൊലീസ് കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.

ഹര്‍ത്താലുമായി ബന്ധപ്പെട്ട് മലപ്പുറം പൊലീസ് വ്യാപകമായി കേസ് എടുക്കലും അറസ്റ്റും നടത്തുന്നതറിഞ്ഞ് ഷാഹുല്‍ ഷമീദ് വോയ്‌സ് ഓഫ് യൂത്ത് എന്ന ഗ്രൂപ്പില്‍നിന്ന് പിന്‍വാങ്ങുകയും മൊബൈല്‍ ഫോണില്‍നിന്ന് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. പ്രതി ഉപയോഗിച്ചിരുന്ന മൊബെല്‍ഫോണ്‍ പൊലീസ് പിടിച്ചെടുത്ത് സൈബര്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചു.

ഭരണകര്‍ത്താക്കള്‍ക്കെതിരേയും വ്യക്തികള്‍ക്കെതിരേയും സ്ത്രീകള്‍ക്കെതിരേയും സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപം, വ്യക്തിഹത്യ, നടത്തുന്നവര്‍ക്കെതിരേ കേസ് എടുക്കുമെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ അറിയിച്ചു. പോത്തുകല്‍ എസ്.ഐ. കെ. ദിജേഷ്, എ.എസ്.ഐമാരായ ജോസ്, ജോണ്‍സന്‍, സി.പി.ഒമാരായ മുജീബ്, രാജേഷ്, സുകേഷ്, സക്കീര്‍, ഹുസൈന്‍, ശ്രീകാന്ത് എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.

Top