ഗുജറാത്തിലെ വികസന പദ്ധതികള്‍ യുപിഎ സര്‍ക്കാര്‍ തടസ്സപ്പെടുത്തിയിരുന്നുവെന്ന് പ്രധാനമന്ത്രി

അഹമ്മദാബാദ്: ഗുജറാത്തിലെ വികസന പദ്ധതികള്‍ യുപിഎ സര്‍ക്കാര്‍ തടസ്സപ്പെടുത്തിയിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

കേന്ദ്രത്തിലുണ്ടായ ഭരണമാറ്റത്തോടെയാണ് പദ്ധതികള്‍ യാഥാര്‍ത്ഥ്യമായതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഗുജറാത്തില്‍ എത്തിയ മോദി ഭാവ്‌നഗറില്‍ ഗോഗോയില്‍ നിന്ന് കാംബെ ഉള്‍ക്കടല്‍ ബെറൂച്ചിലേക്കുള്ള ഫെറി ബോട്ട് ഉദ്ഘാടനം ചെയ്തു.

ദക്ഷിണ ഏഷ്യയിലെ ഏറ്റവും വലിയ ഫെറി ബോട്ട് സര്‍വീസാണിത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഗുജറാത്തിലെ ആറ് കോടി ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സൗരാഷ്ട്രയിലെ ഘോഘയില്‍നിന്നു ദക്ഷിണ ഗുജറാത്തിലെ ദഹേജിലേക്ക് എത്തിച്ചേരാന്‍ നിലവില്‍ ഏഴു മുതല്‍ എട്ടുവരെ മണിക്കൂര്‍ വേണ്ടിവരുന്നിടത്ത് ഫെറി സര്‍വീസ് യാഥാര്‍ഥ്യമാകുന്നതോടെ യാത്രാസമയം കേവലം രണ്ടു മണിക്കൂറില്‍ താഴെയായി ചുരുങ്ങും.

ഞായറാഴ്ച പ്രധാനമന്ത്രി ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്യുന്നതോടെ യാത്രക്കാര്‍ക്കു സഞ്ചരിക്കാന്‍ സാധിക്കും.

പ്രധാനമന്ത്രി ആവാസ് യോജന (നഗര, ഗ്രാമീണ മേഖലകള്‍) പ്രകാരമുള്ള വീടുകളുടെ ഗുണഭോക്താക്കള്‍ക്കുള്ള താക്കോല്‍ദാനം അദ്ദേഹം നിര്‍വഹിക്കും.

സമഗ്ര ഗതാഗത ഹബ്, പ്രാദേശിക ജലവിതരണ പദ്ധതികള്‍, ഗൃഹനിര്‍മാണ പദ്ധതികള്‍, ഫ്‌ളൈ ഓവര്‍ എന്നിവ ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യ, വികസന പദ്ധതികള്‍ക്കു പ്രധാനമന്ത്രി തറക്കല്ലിടും.

മുന്ദ്രദല്‍ഹി പെട്രോളിയം ഉല്‍പന്ന പൈപ്പ് ലൈനിന്റെ ശേഷി വികസിപ്പിക്കല്‍, വഡോദരയില്‍ എച്ച്.പി.സി.എല്ലിന്റെ ഗ്രീന്‍ഫീല്‍ഡ് മാര്‍ക്കറ്റിങ് ടെര്‍മിനല്‍ എന്നിവയ്ക്കും അദ്ദേഹം തറക്കല്ലിടും.

കഴിഞ്ഞമാസം ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെയ്‌ക്കൊപ്പം അഹമ്മദാബാദില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി മോദി ഉദ്ഘാടനം ചെയ്തിരുന്നു. ഒട്ടനവധി വികസനപരിപാടികളും മോദി ഗുജറാത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Top