മണിപ്പൂരില്‍ 13 പ്രൊജക്ടുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രധാനമന്ത്രി

ഇംഫാല്‍: മണിപ്പൂരില്‍ 13 പ്രൊജക്ടുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 1850 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് മോദി ഇന്ന് തുടക്കമിട്ടത്. ആകെ 2950 കോടി രൂപ മുതല്‍ മുടക്കുന്ന ഒമ്പത് പദ്ധതികളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു. രാജ്യത്തിന്റെ വളര്‍ച്ചയുടെ പ്രധാന സ്രോതസ്സായ മണിപ്പൂരിനൊപ്പം വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളും വരും വര്‍ഷങ്ങളില്‍ ഇന്ത്യയുടെ വളര്‍ച്ചയുടെ പ്രധാന ചാലകങ്ങളായി മാറുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത ശേഷം റാലിയെ അഭിസംബോധന ചെയ്യത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ ജനുവരി 21 ന് മണിപ്പൂരിന് സംസ്ഥാന പദവി ലഭിച്ച് 50 വര്‍ഷം തികയുമ്പോള്‍, സംസ്ഥാനം ഇന്ത്യയുടെ വളര്‍ച്ചയുടെ പ്രധാന സ്രോതസ്സായി മാറുമെന്നും മെച്ചപ്പെട്ട റോഡ് കണക്റ്റിവിറ്റി, ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികള്‍ വഴി ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്ക് അതിന്റെ സാധ്യതകള്‍ വ്യാപിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ വടക്കുകിഴക്ക് വികസനത്തിന്റെ പുതിയ കവാടമായി മാറാന്‍ ഒരുങ്ങുകയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ‘ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കവാടമെന്ന് വിളിച്ച് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സൈന്യം ആദ്യമായി പതാക ഉയര്‍ത്തിയ ഇവിടം പുതിയ ഇന്ത്യയുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള കവാടമാണ് ഇപ്പോളെന്ന് മോദി പറഞ്ഞു.

മണിപ്പൂരില്‍ റോഡ്, അടിസ്ഥാന സൗകര്യങ്ങള്‍, കുടിവെള്ള വിതരണം, ആരോഗ്യം, നഗരവികസനം, ഐടി തുടങ്ങിയ മേഖലകളില്‍ വ്യാപിച്ചുകിടക്കുന്ന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളെയും മണിപ്പൂരിനെയും അവഗണിച്ചതിന് മുന്‍ കേന്ദ്ര സര്‍ക്കാരുകളെ മോദി രൂക്ഷമായി വിമര്‍ശിച്ചു.

‘ഡല്‍ഹിയില്‍ ഭരിച്ച മുന്‍ സര്‍ക്കാരുകള്‍ മണിപ്പൂരിനെ അവഗണിച്ചു, ഇത് ജനങ്ങളെ അകറ്റാന്‍ കാരണമായി. മണിപ്പൂരിനെ ഒറ്റയ്ക്ക് വിട്ട ഒരു കാലമുണ്ടായിരുന്നു. ഞാന്‍ പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് ഒന്നിലധികം തവണ ഞാന്‍ മണിപ്പൂരില്‍ എത്തി. നിങ്ങളുടെ ഹൃദയത്തിലെ വേദന എനിക്കറിയാമായിരുന്നു. അതിനാല്‍, 2014 ന് ശേഷം ഞാന്‍ മുഴുവന്‍ ഇന്ത്യന്‍ സര്‍ക്കാരിനെയും നിങ്ങളുടെ വീട്ടുവാതില്‍ക്കല്‍ കൊണ്ടുവന്നു” മോദി പറഞ്ഞു. 1,700 കോടിയിലധികം രൂപ ചെലവില്‍ 110 കിലോമീറ്ററിലധികം നീളത്തില്‍ നിര്‍മിക്കുന്ന അഞ്ച് ദേശീയപാതാ പദ്ധതികളുടെ നിര്‍മാണത്തിന്റെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു.

Top