ഭൂമി ചൈനയുടേതാണെങ്കില്‍ എങ്ങനെയാണ് ഇന്ത്യന്‍ സൈനികരുടെ ജീവന്‍ നഷ്ടമായത് ?

ന്യൂഡല്‍ഹി: ലഡാക്ക് സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ മണ്ണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനക്ക് മുന്നില്‍ അടിയറവ് വച്ചെന്ന് രാഹുല്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

‘ഭൂമി ചൈനയുടേതാണെങ്കില്‍ എങ്ങനെയാണ് ഇന്ത്യന്‍ സൈനികരുടെ ജീവന്‍ നഷ്ടമായത്. അവര്‍ എവിടെയാണ് കൊല്ലപ്പെട്ടത്’, രാഹുല്‍ ചോദിച്ചു. ഇന്ത്യയുടെ അതിര്‍ത്തി പ്രദേശത്ത് പുറത്ത് നിന്ന് ആരുമില്ല. ഇന്ത്യയുടെ പോസ്റ്റ് ആരും പിടിച്ചെടുത്തിട്ടുമില്ലെന്ന് പ്രധാമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഈ പ്രസ്താവന ചോദ്യം ചെയ്തുക്കൊണ്ടാണ് രാഹുലിന്റെ ട്വീറ്റ്.

ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം ചര്‍ച്ച ചെയ്യുന്നതിനായി വെള്ളിയാഴ്ച വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. പ്രധാനമന്ത്രി ചൈനക്ക് ക്ലീന്‍ചിറ്റ് നല്‍കിയോ എന്ന് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരവും ചോദിച്ചു.

‘പ്രധാനമന്ത്രി മോദി പറയുന്നു ഇന്ത്യന്‍ പ്രദേശത്ത് വിദേശ (ചൈനീസ്) സാന്നിധ്യമില്ലെന്ന്, ഇത് ശരിയാണെങ്കില്‍, മെയ് 5-6 വരെയുള്ള ബഹളം എന്തായിരുന്നു? ജൂണ്‍ 16-17 തീയതികളില്‍ സൈനികര്‍ തമ്മില്‍ സംഘര്‍ഷം നടന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ടാണ് ഇന്ത്യക്ക് 20 ജീവന്‍ നഷ്ടമായത്?. നിയന്ത്രണ രേഖയില്‍ കടന്നുകയറ്റമോ ലംഘനമോ ഇല്ലായിരുന്നെങ്കില്‍ പിന്നെന്തുക്കൊണ്ട് ഇരുവിഭാഗവും സൈനികരെ വിന്യസിക്കുന്നതിനെ കുറിച്ച് ഇത്രയധികം സംസാരിച്ചത്. പ്രധാനമന്ത്രി മോദി ചൈനക്ക് ക്ലീന്‍ ചിറ്റ് നല്‍കിയോ? അങ്ങനെയാണെങ്കില്‍ ചൈനയുമായി എന്താണ് ചര്‍ച്ച ചെയ്യാനുള്ളത്. മേജര്‍ ജനറല്‍ തലത്തില്‍ എന്തിനെകുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്’ ചിദംബരം ചോദിച്ചു.

Top