75 വന്ദേഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: 75-ാം സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളെ ഉള്‍പ്പെടെ ബന്ധിപ്പിക്കുന്ന 75 വന്ദേ ഭാരത് ട്രെയിനുകള്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെയാണ് മോദിയുടെ പ്രഖ്യാപനം.

ആഭ്യന്തര വിമാന സര്‍വിസുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പാക്കിയ ഉഡാന്‍ വിമാന സര്‍വിസിന് സമാനമാകും വന്ദേ ഭാരത് ട്രെയിന്‍ സര്‍വിസുകള്‍. ‘സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ 75 ആഴ്ചകളില്‍ രാജ്യത്തിന്റെ എല്ലാ കോണുകളെയും ബന്ധിപ്പിക്കുന്ന 75 വന്ദേഭാരത് ട്രെയിന്‍ സര്‍വിസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു’ -മോദി പറഞ്ഞു.

ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള അന്തരം കുറക്കുകയാണ് ലക്ഷ്യമെന്നും മോദി കൂട്ടിച്ചേര്‍ത്തു. ചെങ്കോട്ടയില്‍ വിശിഷ്ടാതിഥികളായി എത്തിയ ഒളിമ്പിക് താരങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. സൈനിക സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കുമെന്നും വനിതകള്‍ക്ക് എല്ലാ മേഖലകളിലും തുല്യത ഉറപ്പാക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

 

Top