ലോക്ക്ഡൗണ്‍ നീട്ടല്‍; നരേന്ദ്രമോദി അമിത്ഷാ കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: ലോക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മില്‍ ചര്‍ച്ച നടത്തി.

അമിത് ഷാ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തതിന് പിന്നാലെയാണ് ഇരുവരുടേയും ഈ കൂടിക്കാഴ്ച. കോവിഡ് കേസുകള്‍ രാജ്യത്ത് അതിവേഗം വര്‍ധിക്കുന്നതിനിടെയാണ് ലോക്ഡൗണ്‍ നീട്ടുന്നതിനെ കുറിച്ച് ചര്‍ച്ച നടത്തിയത്.

മെയ് 31ന് ലോക്ഡൗണ്‍ അവസാനിക്കാനിരിക്കെ സംസ്ഥാന മുഖ്യമന്ത്രിമാരുമായി അമിത് ഷാ ചര്‍ച്ച നടത്തിയിരുന്നു. ലോക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടണമെന്നാണ് ചര്‍ച്ചയില്‍ പലരും അഭിപ്രായപ്പെട്ടത്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ലോക്ഡൗണ്‍ രണ്ടാഴ്ച നീട്ടാനാണ് സാധ്യതയെന്നും യോഗത്തിന് ശേഷം പറഞ്ഞിരുന്നു.

അതേസമയം, കോവിഡ് പ്രതിരോധിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നയങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ലോക്ഡൗണിനെതിരെ രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളും രംഗത്തെത്തിയിരുന്നു. ഈയൊരു സാഹചര്യത്തില്‍ ലോക്ഡൗണ്‍ നീട്ടുന്നതില്‍ രാഷ്ട്രീയതീരുമാനത്തിനുള്ള സാധ്യതകള്‍ വളരെ ഏറെയാണ്.

Top