ഓണ്‍ലൈന്‍ ക്ലാസിലെ അധ്യാപികമാരെ അപകീര്‍ത്തിപെടുത്തിയത് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: വിക്ടേഴ്‌സ് ചാനല്‍ വഴി കൈറ്റ് നടത്തിയ ഓണ്‍ലൈന്‍ ക്ലാസിലെ അധ്യാപികമാരെ അവഹേളിച്ച പ്ലസ് ടു വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. സഭ്യേതര സന്ദേശങ്ങള്‍ അയച്ച നാല് വിദ്യാര്‍ത്ഥികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പുതുതായി രൂപീകരിച്ച വാട്‌സാപ് ഗ്രൂപ്പിലെ അംഗങ്ങളാണ് നാല് പേരും. മൊബൈല്‍ ഫോണുകള്‍ സൈബര്‍ ക്രൈം പൊലീസ് പിടിച്ചെടുത്തു.

മലപ്പുറം സ്വദേശിയായ അഡ്മിനുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. അധ്യാപികമാര്‍ക്കെതിരെ സാമൂഹമാധ്യമങ്ങളില്‍ ഉണ്ടായ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.

ഫെയ്‌സ്ബുക്ക്, യു ട്യൂബ്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടെ അധ്യാപികമാരെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി കൈറ്റ് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍, എഡിജിപി മനോജ് എബ്രഹാമിന് നല്‍കിയ പരാതിയിലാണ് നടപടി. സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ പഠന സംവിധാനത്തില്‍ ക്ലാസെടുത്ത അധ്യാപകരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചവര്‍ക്കെതിരെ യുവജന കമ്മിഷന്‍ സ്വമേധയാ കേസ് എടുത്തിരുന്നു.

Top