ചോദ്യപേപ്പര്‍ ചോര്‍ന്നില്ല ; വാട്‌സാപ്പ് വഴി പ്രചരിച്ചത് വിദ്യാര്‍ഥികള്‍ തയാറാക്കിയ ചോദ്യാവലി

question

തിരുവനന്തപുരം: പ്ലസ് ടു ഫിസിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ വാട്‌സാപ്പ് വഴി പ്രചരിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പകരം കുട്ടികള്‍ തയാറാക്കിയ ചോദ്യാവലിയാണ് വാട്‌സാപ്പിലൂടെ പ്രചരിച്ചതെന്നും അന്വേഷണ നടത്തിയ ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കി. ഇതു സംബന്ധിച്ച് ക്രൈംബ്രാഞ്ച് ഡിജിപി സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കി.

മതിലകം സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ തയാറാക്കിയ ചോദ്യാവലിയാണ് ചോര്‍ന്ന ചോദ്യപേപ്പറെന്ന പേരില്‍ വാട്‌സാപ്പില്‍ പ്രചരിച്ചതെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹയര്‍സെക്കന്‍ഡറി ഫിസിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ വാട്‌സാപ്പ് വഴി പ്രചരിപ്പിച്ചെന്ന പരാതിയില്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 21-നു നടത്തിയ ഫിസിക്‌സ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ത്തി വാട്ട്‌സ് ആപ്പ് വഴി പ്രചരിപ്പിച്ചതായായിരുന്നു പരാതി.

തൃശൂര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ക്ക് വാട്‌സാപ്പ് വഴി ചോദ്യപേപ്പര്‍ ലഭിക്കുകയും തുടര്‍ന്ന് അദ്ദേഹം അതു ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ക്ക് തുടര്‍നടപടിക്കായി അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. ചോദ്യപേപ്പര്‍ പകര്‍ത്തി എഴുതി തയാറാക്കിയ രീതിയിലായിരുന്നു വാട്‌സാപ്പ് വഴി പ്രചരിച്ചിരുന്നത്.

Top