മുഴുവന്‍ എ പ്ലസ് ഉണ്ടായിട്ടും സീറ്റില്ല, മലപ്പുറത്ത് പ്ലസ് വണ്‍ പ്രവേശനം അനിശ്ചിതത്വത്തില്‍

മലപ്പുറം: പ്ലസ് വണ്‍ പ്രവേശനത്തിന് സീറ്റു ക്ഷാമത്തില്‍ മലപ്പുറം ജില്ല. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ഉണ്ടായിട്ടും മലപ്പുറത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യ അലോട്ട്മെന്റില്‍ സീറ്റില്ല. ആദ്യ അലോട്ട്മെന്റില്‍ 30,000 പേര്‍ക്കാണ് അവസരം ലഭിച്ചത്. കൂടുതല്‍ ബാച്ചുകള്‍ അനുവദിച്ച് പ്രശ്നം പരിഹരിക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.

ജില്ലയില്‍ ആകെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നല്‍കിയത് 77,837 പേരാണ്. ആദ്യ അലോട്ട്മെന്റില്‍ അവസരം ലഭിച്ചത് പകുതിയില്‍ താഴെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം. 30,822 പേര്‍ക്ക് അവസരം ലഭിച്ചപ്പോള്‍ 46,955 വിദ്യാര്‍ത്ഥികള്‍ പുറത്തായി.

നേരത്തെ ഉണ്ടായിരുന്ന സീറ്റുകള്‍ക്കൊപ്പം ഇത്തവണ 20 ശതമാനം വര്‍ധനവിലൂടെ ഏഴായിരത്തില്‍പ്പരം സീറ്റുകള്‍ അധികമായി ലഭിക്കുമെങ്കിലും കൂടുതല്‍ സീറ്റുകള്‍ അനുവദിച്ചില്ലെങ്കില്‍ കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാകും.

ജില്ലയില്‍ എല്ലാ വര്‍ഷവും സമാന സാഹചര്യം രൂപപ്പെടുമ്പോള്‍ സീറ്റുകളില്‍ നേരിയ വര്‍ധവ് രേഖപ്പെടുത്തുക മാത്രമാണ് ചെയ്യാറുള്ളത്. ഇത്തവണ പക്ഷേ അതുകൊണ്ടും പ്രശ്‌നപരിഹാരം സാധ്യമല്ലെന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരും പറയുന്നു.

Top