പ്ലസ് ടു വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച സംഭവം; കുട്ടിയുടെ അധ്യാപകനും ആത്മഹത്യ ചെയ്തു

തിരുച്ചി: കാരൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചതിന് പിന്നാലെ കുട്ടിയുടെ അധ്യാപകനും ആത്മഹത്യ ചെയ്തു. തിരുച്ചിയിലെ ഭാര്യ വീട്ടിലാണ് അധ്യാപകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 19നാണ് സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്.

താന്‍ ലൈംഗിക പീഡനത്തിനിരയായി എന്ന് ആത്മഹത്യകുറിപ്പ് എഴുതിവെച്ചാണ് കുട്ടി ആത്മഹത്യ ചെയ്തത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ആത്മഹത്യക്ക് കാരണം സ്‌കൂളിലെ കണക്ക് അധ്യാപകനാണെന്ന് ആരോപണമുയര്‍ന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് അധ്യാപകന്റെ ആത്മഹത്യ.

വെള്ളിയാഴ്ചയാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്. സ്‌കൂളില്‍ നിന്ന് തിരിച്ചെത്തിയ പെണ്‍കുട്ടി ആത്മഹത്യകുറിപ്പെഴുതി തൂങ്ങിമരിക്കുകയായിരുന്നു. ഈ സമയം അമ്മയും വീട്ടിലുണ്ടായിരുന്നില്ല. അയല്‍വാസിയാണ് പെണ്‍കുട്ടി തൂങ്ങി നില്‍ക്കുന്നത് കണ്ടത്. സ്‌കൂള്‍ വിട്ട് വന്നിട്ടും പെണ്‍കുട്ടിയെ പുറത്ത് കാണാത്തതോടെയാണ് അവര്‍ വീട്ടിലെത്തി പരിശോധിച്ചത്.

പെണ്‍കുട്ടിയെ കണ്ടയുടനെ ഇവര്‍ അമ്മയെ വിളിച്ച് വിവരമറിയിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മുറിയില്‍ നടത്തിയ പരിശോധനയിലാണ് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയത്.

 

Top