പ്ലസ്ടു പരീക്ഷ; ശക്തമായ ആരോഗ്യ പെരുമാറ്റച്ചട്ടങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ

അബുദാബി: അടുത്ത മാസം നടക്കുന്ന പ്ലസ്ടു പരീക്ഷകള്‍ക്ക് മുന്നോടിയായി ശക്തമായ ആരോഗ്യ പെരുമാറ്റച്ചട്ടങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ. രാജ്യത്തെ എല്ലാ സ്വകാര്യ- സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും നാഷണൽ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി പ്രഖ്യാപിച്ച പെരുമാറ്റച്ചട്ടങ്ങള്‍ ബാധകമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. സ്‌കൂളുകള്‍ക്കു പുറമെ, വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും നിര്‍ദ്ദേശങ്ങള്‍ ബാധകമാണ്.

കൊവിഡ് പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നതാണ് നിബന്ധനകളിലൊന്ന്. ഇത് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പരീക്ഷാ നടത്തിപ്പുകാര്‍ക്കും ശുചീകരണ തൊഴിലാളികള്‍, സെക്യൂരിറ്റി ഗാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കും ബാധകമാണ്.

ജൂണ്‍ എട്ട് ചൊവ്വാഴ്ചയും ജൂണ്‍ 13 ഞായറാഴ്ചയും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. നാലു ദിവസത്തിനിടയില്‍ ലഭിച്ചതായിരിക്കണം നെഗറ്റീവ് റിസല്‍ട്ടെന്നും നിബന്ധനയുണ്ട്.

സ്‌കൂളുകള്‍ പരീക്ഷയ്ക്ക് ഒരു മണിക്കൂര്‍ മുമ്പ് മാത്രമേ തുറക്കാവൂ. അതേപോലെ പരീക്ഷയ്ക്ക് അര മണിക്കൂര്‍ മുമ്പ് മാത്രമേ കുട്ടികള്‍ പരീക്ഷയ്ക്കെത്താന്‍ പാടുള്ളൂ. വിദ്യാര്‍ഥികള്‍ക്കൊപ്പം എത്തുന്ന രക്ഷിതാക്കള്‍ വന്ന വാഹനത്തില്‍ തന്നെ ഇരിക്കണം.

അവര്‍ കുട്ടികള്‍ക്കൊപ്പം സ്‌കൂളിലേക്ക് പ്രവേശിക്കരുത്. മറ്റ് കുട്ടികളുമായും ജീവനക്കാരുമായും ഇടകലരുന്നത് ഒഴിവാക്കാനാണിത്. അതേസമയം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കൊപ്പം സഹായികളായി രക്ഷിതാക്കള്‍ക്ക് പോവാം. എന്നാല്‍ അവര്‍ക്കും പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

കൊവിഡ് രോഗ ലക്ഷണങ്ങളോ ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ ഉള്ള വിദ്യാര്‍ഥികളും ജീവനക്കാരും രക്ഷിതാക്കളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കരുത്.

അതേസമയം, കൊവിഡ് ബാധിതരോ സമ്പര്‍ക്കം മൂലം ക്വാറന്റൈനില്‍ കഴിയുന്നവരോ ആയ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്ക്ക് എത്താം. എന്നാല്‍ ഇവര്‍ക്കായി പ്രത്യേക സംവിധാനം സ്‌കൂളുകള്‍ ഒരുക്കണം. മാസ്‌ക് ധാരണം, സാമൂഹ്യ അകലം പാലിക്കല്‍, കൈകളുടെ ശുചീകരണം തുടങ്ങിയ കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കൃത്യമായി പാലിച്ചിരിക്കണമെന്നും നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കി.

 

Top