പ്ലസ്ടു കെമിസ്ട്രി പരീക്ഷാ മൂല്യനിര്‍ണയം; ഉത്തര സൂചിക പുനഃപരിശോധിക്കും

തിരുവനന്തപുരം: പ്ലസ്ടു കെമിസ്ട്രി പരീക്ഷാ മൂല്യനിർണയത്തിൽ ഉത്തരസൂചിക നാളെ പുനഃപരിശോധിച്ചേക്കും. മൂല്യനിർണയ ക്യാമ്പിൽ പങ്കെടുത്ത അധ്യാപകർക്ക് തിരുവനന്തപുരത്തെത്താൻ നിർദേശം നൽകിയിട്ടുണ്ട്. വയനാട് ഒഴികെയുള്ള ജില്ലകളിൽ നിന്ന് രണ്ട് അധ്യാപകർക്ക് വീതമാണ് നിർദേശം ലഭിച്ചിരിക്കുന്നത്. അതേസമയം മൂല്യനിർണയം ബഹിഷ്‌കരിക്കാത്ത അധ്യാപകർക്കാണ് അറിയിപ്പ് ലഭിച്ചതെന്നാണ് പ്രതിപക്ഷ സംഘടനകൾ ആരോപിച്ചു.

ഉത്തരസൂചികയിലെ പോരായ്മയിൽ പരിശോധനയ്ക്കായി വിദഗ്ധ സമിതിയെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അധ്യാപകരുടെ പരാതിയിൽ കഴമ്പുണ്ടെന്ന വിലയിരുത്തലാണ് സർക്കാരിന്റെ നിലപാട് മാറ്റത്തിന് കാരണം. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ മൂലമാണ് വിദഗ്ധ സമിതിയെ നിയോഗിക്കുന്നത്.

അതേസമയം പ്ലസ് ടു കെമിസ്ട്രി മൂല്യനിർണയം മൂന്നാം ദിവസമായ ഇന്നലെയും അധ്യാപകർ ബഹിഷ്‌ക്കരിച്ചിരുന്നു. കോഴിക്കോട്ടും തിരുവന്തപുരത്തും മൂല്യനിർണയ ക്യാമ്പുകളിൽ അധ്യാപകർ എത്തിയിരുന്നില്ല. ഉത്തരസൂചികയിലെ അപാതകൾ പരിഹരിക്കാതെ ക്യാമ്പുകളിൽ എത്തില്ലെന്ന് അധ്യാപകർ അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ക്യാമ്പിൽ എത്തിയ ശേഷമാണ് മൂല്യനിർണയം ബഹിഷ്‌കരിച്ചത്. നിലവിലെ ഉത്തരസൂചികയെ ആശ്രയിച്ചാൻ 15 മുതൽ 20 മാർക്ക് വരെ വിദ്യാർത്ഥികൾക്ക് നഷ്ടപ്പെടുമെന്ന പരാതിയായിരുന്നു അധ്യാപകർ ഉന്നയിച്ചത്.

Top