പ്ലസ്ടു കെമിസ്ട്രി ഉത്തരസൂചിക ഇന്ന് പുനഃപരിശോധിക്കും

തിരുവനന്തപുരം: പ്ലസ്ടു കെമിസ്ട്രി പരീക്ഷാ ഉത്തര സൂചിക പുനഃപരിശോധന ഇന്ന്. രാവിലെ പത്ത് മണിക്ക് ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ വച്ചാണ് പരിശോധന നടത്തുന്നത്. ഗവേഷണ ബിരുദാനന്തര ബിരുദമുള്ള മൂന്ന് കോളജ് അധ്യാപകരും 12 ഹയർസെക്കൻഡറി അധ്യാപകരും ഉൾപ്പെട്ട വിദഗ്ദ സമിതിയാകും പരിശോധന നടത്തുക.

വിദഗ്ധ സമിതി രണ്ട് ഉത്തര സൂചികകളും പരിശോധിച്ച ശേഷം പുതിയ ഉത്തര സൂചിക തയ്യാറാക്കും. ഇത് പ്രകാരം നാളെ മൂല്യ നിർണയം പുനരാരംഭിക്കാനാണ് ആലോചിക്കുന്നത്. 28,000 പേപ്പറുകൾ ഇതുവരെ നോക്കി. ഇവയും പുതിയ സ്‌കീമിന്റെ അടിസ്ഥാനത്തിൽ പുനർ മൂല്യനിർണയം നടത്തും.

പരീക്ഷാ മൂല്യനിർണയം ബഹിഷ്‌കരിച്ച അധ്യാപകർക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇന്നലെ രൂക്ഷവിമർശനമുന്നയിച്ചിരുന്നു. പരീക്ഷ അട്ടിമറിക്കാനുള്ള ബോധപൂർവ്വമായ ശ്രമം നടക്കുകയാണ്. വിദ്യാർത്ഥികളെ മറയാക്കി അധ്യാപകർ നടത്തുന്നത് സർക്കാർ വിരുദ്ധ പ്രവർത്തനമാണ്. കെമിസ്ട്രി അധ്യാപകർ മാത്രമാണ് മൂല്യനിർണയ ബഹിഷ്‌കരണത്തിലേക്ക് നീങ്ങിയതെന്നും മന്ത്രി പറഞ്ഞു.

അതേസമയം ഉത്തര സൂചിക പുനപരിശോധിക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് എഎച്ച്എസ്ടിഎ രംഗത്തെത്തി. അർഹമായ മാർക്ക് ലഭിക്കുന്നതിനാവശ്യമായ രീതിയിൽ പുതിയ ഉത്തരസൂചിക പുറത്തിറക്കണമെന്ന നിർദേശം എഎച്ച്എസ്ടിഎ മുന്നോട്ടുവച്ചിട്ടുണ്ട്. അധ്യാപകർക്കെതിരായ അച്ചടക്ക നടപടി പിൻവലിക്കണമെന്നും എഎച്ച്എസ്ടിഎ ആവശ്യപ്പെട്ടു.

Top