പരീക്ഷയില്‍ തോല്‍പ്പിച്ചു ; പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ട്രെയിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

dead

ലഖ്‌നോ: പരീക്ഷയില്‍ തോല്‍പ്പിച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ഇറ്റാവയിലെ ഗ്യാന്‍സ്ഥലി അക്കാദമി വിദ്യാര്‍ത്ഥി സാഗര്‍ യാദവാണ് ആത്മഹത്യ ചെയ്തത്.

സ്‌കൂളിലെ രണ്ട് അധ്യാപകരാണ് സാഗറിന്റെ മരണത്തിന് ഉത്തരവാദികളെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആരോപിച്ചു. പത്താം ക്ലാസ് പരീക്ഷയില്‍ 85 ശതമാനം മാര്‍ക്ക് വാങ്ങിയ സാഗറിനോട് പ്ലസ് വണ്‍ അവസാന പരീക്ഷക്ക് മുമ്പ് ഈ രണ്ട് അധ്യാപകരും അവരുടെ അടുത്ത് ട്യൂഷന് വരാന്‍ നിര്‍ബന്ധിച്ചിരുന്നു.

അധ്യാപകരുടെ ട്യൂഷന്‍ ഗുണം ചെയ്യാത്തതിനാല്‍ സാഗര്‍ അത് നിര്‍ത്തി. ട്യൂഷന്‍ നിര്‍ത്തിയതോടെ അധ്യാപകര്‍ കുട്ടിയോട് പകയോടെ പെരുമാറി എന്നും, പരീക്ഷയില്‍ നാലു വിവിധ വിഷയങ്ങളില്‍ തോല്‍പ്പിച്ചുവെന്നും സുഹൃത്തുക്കളും ബന്ധുക്കളും ആരോപിക്കുന്നു. വീണ്ടും ട്യൂഷന് വന്നില്ലെങ്കില്‍ പരീക്ഷയില്‍ തോല്‍ക്കുമെന്ന് അധ്യാപകര്‍ സാഗറിനെ ഭീഷണിപ്പെടുത്തിയിരുന്നതായും സുഹൃത്തുക്കള്‍ ആരോപിച്ചു.

ഇറ്റാവയിലെ മെഹ്‌റ റെയില്‍ ക്രോസിലാണ് സാഗര്‍ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Top