പ്ലസ്‌വൺ വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവും മാതാപിതാക്കളും അറസ്റ്റില്‍

തിരുവനന്തപുരം: പാറശ്ശാലയില്‍ പ്ലസ്‌വൺ വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിനേയും മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ത്താണ്ഡം കൊടുംകുളം കൊല്ലകടവരമ്പ് സ്വദേശിയായ അശോക് റോബര്‍ട്ട്(28) ആണ് പതിനാറുകാരിയെ വിവാഗവാഗ്ദാനം നല്‍കി പലയിടത്ത് എത്തിച്ച് പീഡിപ്പിച്ചത്. ഒന്നര മാസം മുമ്പാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കാണാതായത്.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതികള്‍ ഒളിവില്‍ പോയിരുന്നു. പെണ്‍കുട്ടിക്കൊപ്പം ബെംഗളൂരുവിലെ തലഗാട്ടുപുരയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന പ്രതികളെ പാറശ്ശാല പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു.

അശോക് റോബര്‍ട്ടിനൊപ്പം ഇയാളുടെ മാതാപിതാക്കളാ റോബര്‍ട്ട്, സ്റ്റെല്ല എന്നിവരേയും പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ കടത്തിക്കൊണ്ട് പോകാനും ഒളിവില്‍ കഴിയാനും മാതാപിതാക്കള്‍ സഹായം നല്‍കിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രണയം നടിച്ച് അശോക് പെണ്‍കുട്ടിയെ പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചിട്ടുണ്ട്.

പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കടത്തിക്കൊണ്ടുവരാനായി അശോകിന്റെ സുഹൃത്തും സഹായിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പൊലീസിന് കണ്ടെത്താനായിട്ടില്ല. അശോകിന്റെ സുഹൃത്തിനായി അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ടെന്ന് പാറശ്ശാല സിഐ ടി സതികുമാര്‍ പറഞ്ഞു.

 

Top