പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; പുതിയ ബാച്ചുകള്‍ അനുവദിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് എസ് എസ് എല്‍ സി പരീക്ഷയില്‍ ഉപരിപഠന യോഗ്യത നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍പഠനത്തിന് അവസരം ഒരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹയര്‍സെക്കന്ററി പ്രവേശനം സംബന്ധിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വൊക്കേഷണല്‍ ഹയര്‍സെക്കന്ററി, ഐടിഐ, പൊളിടെക്‌നിക്ക് എന്നിവിടങ്ങളിലെ സീറ്റുകള്‍ കൂടി കണക്കാക്കി ഹയര്‍ സെക്കന്ററിയില്‍ സീറ്റുകള്‍ ഉറപ്പാക്കും. ഇതിനായി കുട്ടികളുടെ എണ്ണം കുറഞ്ഞ ബാച്ചുകള്‍ ആവശ്യമായ ഇടങ്ങളിലേക്ക് മാറ്റി നല്‍കും. പുതിയ ബാച്ചുകള്‍ അനുവദിക്കുകയും ചെയ്യും. പ്രദേശിക സന്തുലിതാവസ്ഥ നിലനിര്‍ത്തി പുതിയ ബാച്ചുകള്‍ അനുവദിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

യോഗത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി, പ്ലാനിങ്ങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി കെ രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി വി പി ജോയി, ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, , മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. എം. എബ്രഹാം, ഡയക്ടര്‍ ജനറല്‍ ഓഫ് എഡ്യൂക്കേഷന്‍ എസ് ഷാനവാസ് എന്നിവര്‍ പങ്കെടുത്തു.

 

Top