പ്ലസ് വണ്‍ പ്രവേശനം; ആദ്യ അലോട്ട്മെന്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. ആദ്യലിസ്റ്റ് പ്രകാരമുളള വിദ്യാര്‍ഥി പ്രവേശനം 19നും 20നും നടക്കും. അലോട്ട്മെന്റ് വിവരങ്ങള്‍ www.hscap.kerala.gov.in -ല്‍ ലഭിക്കും.

വിദ്യാര്‍ഥികള്‍ അലോട്ട്മെന്റ് ലഭിക്കുന്ന സ്‌കൂളില്‍ 20ന് വൈകിട്ട് അഞ്ചിന് മുമ്പ് പ്രവേശനം നേടണം. അലോട്ട്മെന്റ് ലഭിച്ചിട്ടും താത്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ഥികളെ തുടര്‍ന്നുളള അലോട്ട്മെന്റുകളില്‍ പരിഗണിക്കില്ല. ആദ്യ അലോട്ട്മെന്റില്‍ ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മറ്റ് ഓപ്ഷനുകളില്‍ അലോട്ട്മെന്റ് ലഭിക്കുന്നവര്‍ക്ക് ഇഷ്ടാനുസരണം താത്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താത്കാലിക പ്രവേശനത്തിന് ഫീസടക്കേണ്ട.

ഈ വര്‍ഷം ഏകജാലകരീതിയിലൂടെ പ്ലസ് വണ്‍ പ്രവേശനത്തിന് ആദ്യഘട്ടത്തില്‍ 4,96,354 വിദ്യാര്‍ഥികള്‍ അപേക്ഷ നല്‍കിയിരുന്നു. രണ്ടാമത്തെ അലോട്ട്മെന്റിനുശേഷം ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് സപ്ലിമെന്ററി അലോട്ട്മെന്റിന് പുതിയ അപേക്ഷ നല്‍കാം.

Top