സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്നു തുടക്കമാകും. ആകെ 4.17 ലക്ഷം കുട്ടികളാണ് പരീക്ഷ എഴുതുന്നത്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് മലപ്പുറം ജില്ലയിലാണ്, 75,590 കുട്ടികള്‍.

സുപ്രീം കോടതിയില്‍ സംസ്ഥാനം നല്‍കിയ ഉറപുകള്‍ ഓരോന്നും പാലിക്കുന്ന തരത്തില്‍ പഴുതടച്ച കോവിഡ് മാനദണ്ഡങ്ങള്‍കനുസരിച്ചാണ് പരീക്ഷ നടത്തുക. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ആവശ്യം പരിഗണിച്ച് പരീക്ഷകള്‍ക്കിടയില്‍ ഒന്നു മുതല്‍ അഞ്ചു ദിവസം വരെ ഇടവേളകള്‍ ഉറപ്പാക്കിയിട്ടുണ്ട്.

വിദ്യാര്‍ഥികള്‍ക്ക് ഒരു പ്രവേശന കവാടത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. പ്രവേശന കവാടത്തില്‍ തന്നെ സാനിറ്റൈസര്‍ നല്‍കാനും തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിക്കാനും സംവിധാനം ഏര്‍പ്പെടുത്തി. വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമല്ല.

കോവിഡ് പോസിറ്റീവ് ആയ വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്ക് ഹാജരാകുന്നുവെങ്കില്‍ വിവരം മുന്‍കൂട്ടി ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ കുട്ടികള്‍ക്കായി പ്രത്യേക ക്ലാസ് മുറികള്‍ സജ്ജീകരിച്ചിട്ടുണ്ട്. രോഗലക്ഷണമുള്ള വിദ്യാര്‍ഥികള്‍ക്കും പ്രത്യേകം ക്ലാസ് മുറികളില്‍ പരീക്ഷ എഴുതണം. ക്ലാസ് മുറികളില്‍ പേന, കാല്‍ക്കുലേറ്റര്‍ മുതലായവയുടെ കൈമാറ്റം അനുവദിക്കുന്നതല്ല. അടുത്ത മാസം 18ന് ഹയര്‍ സെക്കന്‍ഡറിയും 13ന് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടന്‍ഡറിയുടെയും പരീക്ഷ അവസാനിക്കും.

Top