പ്ലസ് വണ്‍ പരീക്ഷ; സര്‍ക്കാരിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുവദിക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ.എം ഖാല്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജിയില്‍ വാദം കേള്‍ക്കുക. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പരീക്ഷ നടത്താന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം കോടതി പരിഗണിച്ചേക്കും.

ഓണ്‍ലൈന്‍ പരീക്ഷ നടത്താനാകില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് സംവിധാനങ്ങളുമില്ലാത്ത നിരവധി കുട്ടികളുണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. മോഡല്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്താനാകില്ല.

ഒക്ടോബറില്‍ മൂന്നാംതരംഗം ഉണ്ടാകുന്നതിന് മുന്‍പ് പരീക്ഷ പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. കേരളത്തിലെ കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി പരീക്ഷ നടപടികള്‍ക്ക് തടയിട്ടത്. കോടതിയില്‍ നിന്ന് അനുകൂലമായ വിധിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേരളം.

Top