ഇടുക്കിയില്‍ പ്ലസ്ടു വിദ്യാര്‍ഥി വീട്ടില്‍ മരിച്ചനിലയില്‍; ഓണ്‍ലൈന്‍ ഗെയിം പ്രചരണം തള്ളി പോലീസ്

ഇടുക്കി: കട്ടപ്പന പുളിയന്മലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ വീട്ടിരില്‍ മച്ചനിലയില്‍ കണ്ടെത്തി. പ്ലസ്ടു വിദ്യാര്‍ഥിയായ 17-കാരനെയാണ് ബുധനാഴ്ച വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.പ്രണയം തകര്‍ന്നതിനെതുടര്‍ന്ന് ഏറെനാളായി സ്‌കൂളില്‍ പോകാതിരുന്ന 17-കാരന്‍ കഴിഞ്ഞദിവസങ്ങളില്‍ ബൈക്ക് വാങ്ങിനല്‍കാത്തതിന് വീട്ടുകാരുമായി വഴക്കുണ്ടാക്കിയിരുന്നു. വീട്ടുകാര്‍ ബൈക്ക് വാങ്ങിനല്‍കാത്തതിനെ തുടര്‍ന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം.

അതിനിടെ, ഓണ്‍ലൈന്‍ ഗെയിം കാരണമാണ് വിദ്യാര്‍ഥി ജീവനൊടുക്കിയെന്ന് പ്രചരണങ്ങളുണ്ടായിരുന്നു. പക്ഷേ, പോലീസ് ഇക്കാര്യം പൂര്‍ണമായും നിഷേധിച്ചു. ഓണ്‍ലൈന്‍ ഗെയിമിന് അടിപ്പെട്ടാണ് വിദ്യാര്‍ഥി ജീവനൊടുക്കിയതെന്ന പ്രചരണം ശരിയല്ലെന്നും കുട്ടിയുടെ മൊബൈല്‍ഫോണില്‍നിന്ന് അത്തരം തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുമ്പ് കമ്പംമെട്ട് പോത്തിന്‍കണ്ടത്തും മറ്റൊരു പ്ലസ്ടു വിദ്യാര്‍ഥി ജീവനൊടുക്കിയിരുന്നു. ബുധനാഴ്ച ജീവനൊടുക്കിയ വിദ്യാര്‍ഥിയുടെ സഹപാഠിയായിരുന്ന 17-കാരനെയാണ് കഴിഞ്ഞ വ്യാഴാഴ്ച വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. ഈ വിദ്യാര്‍ഥിയുടെ മരണത്തിന് കാരണവും ഓണ്‍ലൈന്‍ ഗെയിമുകളാണെന്ന പ്രചരണമുണ്ടായെങ്കിലും പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പ്രാഥമിക പരിശോധനയില്‍ ഓണ്‍ലൈന്‍ ഗെയിമിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു പോലീസിന്റെ പ്രതികരണം. വിദ്യാര്‍ഥിയുടെ മൊബൈല്‍ഫോണും ലാപ്‌ടോപ്പും ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞിരുന്നു.

Top