plenty of documents in favour of temple at ayodhya

ഭുവനേശ്വര്‍: അയോധ്യയിലെ രാമക്ഷേത്രം നിര്‍മാണത്തിന് അനുകൂലമായ നിരവധി രേഖകള്‍ കോടതിക്കു മുമ്പാകെയുണ്ടെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്.

രാമക്ഷേത്രം സംബന്ധിച്ച് സുപ്രീം കോടതിയുടെ വിധി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭുവനേശ്വറില്‍ നടക്കുന്ന ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിനെത്തിയ രവിശങ്കര്‍ പ്രസാദ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

രാമജന്മഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കുന്നതിന് നിയമപരമായ സാധുത നല്‍കുന്ന നിരവധി തെളിവുകളുണ്ട്. ഒരു നിയമമന്ത്രി എന്നതിനേക്കാള്‍, നിയമ വിദഗ്ധന്‍ എന്ന നിലയില്‍ ഇക്കാര്യം തനിക്ക് വ്യക്തമായി പറയാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കുക എന്നത് ബിജെപിയുടെ ദീര്‍ഘകാലമായുള്ള കാര്യപരിപാടിയാണ്. ഇക്കാര്യത്തില്‍ കോടതിയുടെ തീരുമാനമാണ് തങ്ങള്‍ കാത്തിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ബിജെപിക്ക് എതിരായി അഖിലേഷ് യാദവും മായാവതിയും ചേര്‍ന്ന് സഖ്യം രൂപീകരിക്കുന്നന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു. അവര്‍ നിരാശരാണ്. ബിജെപിയെ അവര്‍ ഭയപ്പെടുന്നു എന്നാണ് സഖ്യനീക്കം കാണിക്കുന്നത്. എന്നാല്‍ ബിജെപിയുടെ രാഷ്ട്രീയത്തെ ജനങ്ങള്‍ അംഗീകരിക്കുന്നവെന്നാണ് ജനവിധി തെളിയിക്കുന്നതെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

Top