മോദി സ്തുതി: അബ്ദുള്ളക്കുട്ടിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് തീരുമാനം ഇന്ന്, പുറത്താക്കിയേക്കും

തിരുവനന്തപുരം: മോദി അനുകൂല പരമാര്‍ശം നടത്തിയ എ പി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയേക്കും. പാര്‍ട്ടി വിശദീകരണം ചോദിച്ചിട്ടും ഇതുവരെ മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് കടുത്ത നടപടിയിലേക്ക് നീങ്ങുന്നത്. ഇതു സംബന്ധിച്ച് ഇന്ന് തീരുമാനം ഉണ്ടായേക്കും

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അബ്ദുള്ളക്കുട്ടി മോദി അനുകൂല പരമാര്‍ശം നടത്തിയത്.നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെ, വികസന അജണ്ടയുടെ അംഗീകാരമാണ് ബിജെപിക്ക് മഹാവിജയം നേടിക്കൊടുത്തതെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഗാന്ധിയന്‍ മൂല്യം മോദിയുടെ ഭരണത്തിലുണ്ട്.

ഗാന്ധിയുടെ നാട്ടുകാരന്‍ മോദി തന്റെ ഭരണത്തില്‍ ആ മൂല്യങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ ഒരു നയം ആവിഷ്‌ക്കരിക്കുമ്പോള്‍ ജീവിതത്തില്‍ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓര്‍മ്മിക്കുക എന്ന് ഗാന്ധി പറഞ്ഞിട്ടുണ്ട്. മോദി അത് കൃത്യമായി നിര്‍വ്വഹിച്ചതായും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടിരുന്നു.

സംഭവത്തില്‍ അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കേണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. കോണ്‍ഗ്രസില്‍ നിന്ന് ആനുകൂല്യം കിട്ടിയതിന്റെ മര്യാദ കാണിക്കുന്നില്ലെന്നും കോണ്‍ഗ്രസുകാരുടെ മനസില്‍ അബ്ദുള്ളക്കുട്ടിക്ക് സ്ഥാനമില്ലെന്നും വി എം സുധീരന്‍ കുറ്റപ്പെടുത്തി. മറ്റ് അനവധി നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

Top