ദയവായി ബൈക്ക് ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കുക; സായി ധരം തേജ്

ചിരഞ്ജീവിയുടെ കുടുംബത്തില്‍നിന്നുവരുന്ന സായി തന്റെ സിനിമാജീവിതം 9 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ ആരാധകരോട് ഒരു കാര്യം ആവശ്യപ്പെട്ടിരിക്കുകയാണ്. ആരാധകരുടെ സ്‌നേഹത്തിനും ഊഷ്മളതയ്ക്കും ആശംസകള്‍ക്കും നന്ദിയറിയിച്ചുകൊണ്ട് ട്വീറ്റ് ചെയ്ത കുറിപ്പിലാണ് സായി എല്ലാവരും ബൈക്കോടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കണമെന്ന്് ആരാധകരോട് അഭ്യര്‍ത്ഥിച്ചത്. നിങ്ങളുടെ സ്‌നേഹവും പിന്തുണയുമാണ് ഈ യാത്രയെ മനോഹരമാക്കിയതില്‍ ഏറ്റവും പ്രധാനം. തന്റെ എല്ലാ കഴിവും ഉപയോഗിച്ച് എല്ലാവരെയും രസിപ്പിക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് സായി പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

ദയവായി നിങ്ങളുടെ ബൈക്ക് ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കുക. നിങ്ങളുടെയും കുടുംബത്തിന്റെയും കാര്യത്തില്‍ ഉത്തരവാദിത്തം ഉണ്ടായിരിക്കുക എന്നുമാത്രമേ പറയാനുള്ളൂ എന്നുപറഞ്ഞുകൊണ്ടാണ് സായി ധരം തേജ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

രണ്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് താരം ഒരു ബൈക്കപകടത്തില്‍പ്പെട്ടിരുന്നു. ഹൈദരാബാദിലെ മധപൂര്‍ കേബിള്‍ പാലത്തിലൂടെ സ്‌പോര്‍ട്‌സ് ബൈക്ക് ഓടിച്ചുപോകവെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ബോധം നഷ്ടപ്പെട്ട സായി പിന്നീട് പതിയെ ജീവിതത്തിലേക്ക് മടങ്ങിവരികയായിരുന്നു. ഹെല്‍മറ്റ് ധരിച്ചിരുന്നതിനാലാണ് അദ്ദേഹം രക്ഷപ്പെട്ടതെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. പിന്നീട് പല പൊതുവേദികളിലും ഹെല്‍മറ്റിന്റെ ആവശ്യകതയേക്കുറിച്ച് അദ്ദേഹം നിരന്തരം സംസാക്കാറുണ്ട്.

ചികിത്സ നടക്കുന്നതിനാല്‍ സിനിമയില്‍ നിന്ന് ചെറിയ ഇടവേളയെടുത്തിരിക്കുകയാണ് സായി. നടന്റെ വോയിസ് തെറാപ്പിയാണ് ഇപ്പോള്‍ നടക്കുന്നത്. സമുദ്രക്കനി സംവിധാനം ചെയ്ത ബ്രോ ആണ് സായി ധരം തേജിന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.

Top