പ്രതിപക്ഷം സാമാന്യബുദ്ധി ഉപയോഗിക്കണം; കോണ്‍ഗ്രസിനെതിരെ മോദി

ജാംനഗര്‍: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പാക്കിസ്ഥാന്റെ വ്യോമാക്രമണ സമയത്ത് റഫാല്‍ യുദ്ധവിമാനം കൈവശമുണ്ടായിരുന്നുവെങ്കില്‍ നമുക്ക് ഒരുയുദ്ധവിമാനം നഷ്ടപ്പെടുമായിരുന്നില്ല. അവര്‍ രക്ഷപ്പെടുമായിരുന്നില്ലെന്നാണ് താന്‍ പറഞ്ഞത് ആ വാക്കുകളെ പ്രതിപക്ഷം വളച്ചെടിക്കുകയായിരുന്നവെന്നും പ്രതിപക്ഷം സാമാന്യബുദ്ധി ഉപയോഗിക്കണമെന്നും മോദി പറഞ്ഞു.

കഴിഞ്ഞ ആഴ്ച ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ വെച്ചാണ് റഫാല്‍ വിമാനത്തിന്റെ കാര്യം മോദി പരാമര്‍ശിച്ചത്.റഫാല്‍ ഉണ്ടായിരുന്നെങ്കില്‍ വ്യോമാക്രമണത്തിന്റെ ഫലം വ്യത്യസ്തമാകുമായിരുന്നുവെന്ന് രാജ്യം മുഴുവന്‍ പറയുന്നുവെന്നാണ് മോദി പറഞ്ഞത്. മോദിയുടെ പരാമര്‍ശം പുറത്തു വന്നതിന് പുറകേ പ്രധാനമന്ത്രി വ്യോമസേനയുടെ ശക്തിയെ ചോദ്യം ചെയ്യുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തുകയായിരുന്നു.

മോദിക്കെതിരെ രംഗത്ത് വന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി റഫാല്‍ വിമാനങ്ങള്‍ സേനയ്ക്ക് ലഭിക്കാന്‍ വൈകുന്നതിന് കാരണം മോദിയാണെന്ന് കുറ്റപ്പെടുത്തിയിരുന്നു. വ്യോമസേനയുടെ 30,000 കോടി അനില്‍ അംബാനിക്ക് നല്‍കിയിട്ട് ലജ്ജയില്ലാതെ സംസാരിക്കുന്നുവെന്നും കാലഹരണപ്പെട്ട യുദ്ധവിമാനത്തില്‍ അഭിനന്ദന് പറക്കേണ്ടിവന്നതിന് കാരണക്കാരന്‍ മോദിയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു.

Top