നിസര്‍ഗ ചുഴലിക്കാറ്റ്; രണ്ട് ദിവസം വീട്ടിനകത്ത് തന്നെ കഴിയണമെന്ന് അഭ്യര്‍ത്ഥിച്ച് ഉദ്ധവ്

ന്യൂഡല്‍ഹി: മഹാരാഷ്ട്രയുടെ തീരപ്രദേശങ്ങളില്‍ നിസര്‍ഗ ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് രണ്ട് ദിവസം വീട്ടിനകത്ത് തന്നെ കഴിയണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് മഹാരാഷ്ട മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനത്ത് ചുഴലിക്കാറ്റ് കൂടി ദുരന്തം വിതക്കുമോ എന്ന ആശങ്കയിലാണ് അധികൃതര്‍. ഏത് അവസ്ഥയും നേരിടാന്‍ തയാറായിരിക്കണമെന്ന് മുംബൈ നിവാസികളോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കുമെന്നാണ് പ്രവചനം. വൈദ്യുതിമുടക്കം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഗാഡ്ജറ്റുകള്‍ ചാര്‍ജ് ചെയ്തുവെക്കണം. എമര്‍ജന്‍സി ലൈറ്റുകള്‍ കൈയില്‍ കരുതണം തുടങ്ങിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.

അതേസമയം, സംസ്ഥാനം ഇതുവരെ നേരിട്ടതില്‍ വെച്ച് ഏറ്റവും വേഗംകൂടിയ ചുഴലിക്കാറ്റാണിത്. തീരപ്രദേശങ്ങളില്‍ ബുധന്‍, വ്യാഴം ദിവസങ്ങള്‍ നിര്‍ണായകമാണ്. ലോക് ഡൗണില്‍ ഇളവ് നല്‍കുന്ന തീരുമാനം രണ്ട് ദിവസത്തേക്ക് നീട്ടിവെച്ചതായും ജനങ്ങള്‍ ജാഗ്രതോടെയിരിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മഹാരാഷ്ട്ര, ഗുജറാത്ത് തീരത്ത് അടുക്കുന്നതോടെ നിസര്‍ഗ വന്‍ചുഴലിക്കാറ്റായി മാറുമെന്നും ഇതിന്റെ ഫലമായി മണിക്കൂറില്‍ 100 കി.മീ വേഗത്തില്‍ കാറ്റടിക്കുമെന്നും കനത്ത മഴ ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

Top