ഇറാനോട് മാപ്പ് പറഞ്ഞ അമേരിക്കന്‍ നടിയെ നിര്‍ത്തിപ്പൊരിച്ച് ഓണ്‍ലൈന്‍ ലോകം

മീടൂ പ്രചരണങ്ങളുടെ മുന്‍നിരക്കാരിയും, നടിയുമായ റോസ് മക്‌ഗോവന്‍ ഇറാന്‍ സൈനിക കമ്മാന്‍ഡര്‍ കാസെ സൊലേമാനിയുടെ വധത്തെ അപലപിച്ച് രംഗത്ത് വന്നിരുന്നു. ഹോളിവുഡ് സെലിബ്രിറ്റികളായ ജോണ്‍ കുസാക്ക് ഉള്‍പ്പെടെയുള്ളവര്‍ അമേരിക്കയുടെ യുദ്ധപ്രഖ്യാപനത്തിന് എതിരെ രംഗത്ത് വന്ന സാഹചര്യത്തിലാണ് റോസും വിമര്‍ശിക്കാന്‍ ചാടിയിറങ്ങിയത്. എന്നാല്‍ നടിയുടെ സ്വബോധത്തെയും, അമേരിക്കയോടുള്ള കൂറിനെയും ചോദ്യം ചെയ്യുന്ന തരത്തിലേക്കാണ് ട്വിറ്റര്‍ ലോകം ഇതിനെ കണ്ടത്.

ഇറാന്‍ കുദ്‌സ് സേനയുടെ മേധാവിയായിരുന്ന കാസെം സൊലേമാനിയുടെ വധത്തില്‍ രാഷ്ട്രീയ അഭിപ്രായം പറയുന്ന മിക്ക ഹോളിവുഡ് സെലിബ്രിറ്റികളും എതിരഭിപ്രായം രേഖപ്പെടുത്തി. എന്നാല്‍ ഇവരെയെല്ലാം മറികടന്ന് രാജ്യത്തെ തന്നെ ചോദ്യം ചെയ്ത് ഇറാനോട് മാപ്പ് പറയാന്‍ വരെ തയ്യാറായതോടെയാണ് റോസ് മക്‌ഗോവന്‍ വിവാദത്തില്‍ കുടുങ്ങിയത്. യുഎസിന്റെ പേരില്‍ ഇറാനോട് മാപ്പ് പറഞ്ഞ റോസ് ഇതിന്റെ പേരില്‍ തങ്ങളെ കൊല്ലരുതെന്നും അപേക്ഷിച്ചു.

‘പ്രിയപ്പെട്ട ഇറാന്‍, അമേരിക്ക നിങ്ങളുടെ രാജ്യത്തെയും, പതാകയെയും, നിങ്ങളുടെ ജനങ്ങളെയുമാണ് അവഹേളിച്ചത്. ഞങ്ങളിലെ 52% പേരും ഇതില്‍ മാപ്പ് പറയുന്നു. ഞങ്ങളുടെ രാജ്യത്തിന് സമാധാനം വേണം. ഒരു ഭീകര ഭരണകൂടം ഞങ്ങളെ ബന്ദിയാക്കി വെച്ചിരിക്കുകയാണ്. എങ്ങിനെ രക്ഷപ്പെടുമെന്ന് അറിയില്ല. ദയവായി ഞങ്ങളെ കൊല്ലരുത്’, റോസ് മക്‌ഗോവന്‍ ട്വീറ്റ് ചെയ്തു.

ട്രംപിനെ പരിഹസിക്കാനുള്ള ശ്രമത്തെ ട്വിറ്റര്‍ ലോകം ആ അര്‍ത്ഥത്തില്‍ കണ്ടില്ലെന്നത് റോസിന് തിരിച്ചടിയായി. മാപ്പ് പറച്ചിലിന്റെ പേരില്‍ നടിയുടെ പേരും, ‘ഡിയര്‍ റോസ്’ എന്ന ഹാഷ്ടാഗും ട്വിറ്ററില്‍ ട്രെന്‍ഡിംഗായി. യുഎസില്‍ നിന്നും നടിയോട് ഇറാനിലേക്ക് താമസം മാറ്റാനാണ് ചിലര്‍ ഉപദേശിച്ചത്. പ്രൊഫൈല്‍ ചിത്രത്തിലെ വസ്ത്രം ധരിച്ച് ഇറാനില്‍ താമസിച്ചിട്ട് എങ്ങിനെയുണ്ട് പ്രതികരണമെന്ന് അഭിപ്രായം അറിയിക്കാനാണ് എഴുത്തുകാരനും, കൊമേഡിയനുമായ ടിം യംഗ് ആവശ്യപ്പെട്ടത്. ഓണ്‍ലൈന്‍ ലോകം തനിക്കെതിരെ തിരിയുന്നതായി മനസ്സിലാക്കിയതോടെ മറ്റൊരു യുദ്ധം വേണ്ടെന്നും, സൈനികര്‍ കൊല്ലപ്പെടരുതെന്നുമാണ് ഉദ്ദേശിച്ചതെന്ന് റോസ് വ്യക്തമാക്കി.

Top