നിങ്ങളുടെ ചിത്രത്തില്‍ എനിക്ക് വേഷം നല്‍കരുത് , നിങ്ങളുടെ ആല്‍ഫ പുരുഷ നായകന്മാര്‍ ഫെമിനിസ്റ്റാകും; കങ്കണ റണൗട്ട്

യവായി എനിക്ക് നിങ്ങളുടെ ചിത്രത്തില്‍ വേഷം നല്‍കരുത്, അനിമല്‍ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗയോട് നടി കങ്കണ റണൗട്ട് . എക്‌സ് പോസ്റ്റിലൂടെയാണ് നടി പ്രതികരിച്ചത്. നേരത്തെ കങ്കണ അനിമല്‍ സിനിമയെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു. ഇതിനെതിരെ സംവിധായകന്‍ പ്രതികരിച്ചിരുന്നു. തന്റെ കഥയ്ക്ക് ആവശ്യമെങ്കില്‍ കങ്കണയെ തന്റെ സിനിമയില്‍ അഭിനയിപ്പിക്കും എന്നാണ് സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തില്‍ സന്ദീപ് പറഞ്ഞത് ഇതിനാണ് കങ്കണ മറുപടി നല്‍കിയത്.

സന്ദീപിന്റെ വാക്കുകള്‍ക്ക് മറുപടിയായി കങ്കണ എക്‌സില്‍ എഴുതിയത് ഇങ്ങനെയാണ് ”നിരൂപണവും വിമര്‍ശനവും ഒരുപോലെയല്ല, എല്ലാത്തരം കലകളും അവലോകനം ചെയ്യുകയും ചര്‍ച്ച ചെയ്യുകയും വേണം ഇത് ഒരു സാധാരണ കാര്യമാണ്. എന്റെ റിവ്യൂ കണ്ട് പുഞ്ചിരിച്ചുകൊണ്ട് സന്ദീപ് ജി എന്നോട് കാണിച്ച ബഹുമാനം, അദ്ദേഹം പൌരുഷമുള്ള സിനിമകള്‍ മാത്രമല്ല, അദ്ദേഹത്തിന്റെ മനോഭാവവും അങ്ങനെയാണ് എന്ന് പറയാം, നന്ദി സര്‍. ‘എന്നാല്‍ ദയവായി എനിക്ക് നിങ്ങളുടെ ചിത്രത്തില്‍ വേഷം നല്‍കരുത്, അങ്ങനെ നല്‍കിയാല്‍ നിങ്ങളുടെ ആല്‍ഫ പുരുഷ നായകന്മാര്‍ ഫെമിനിസ്റ്റായി മാറും. തുടര്‍ന്ന് നിങ്ങളുടെ സിനിമകളും പരാജയപ്പെടും. നിങ്ങള്‍ ബ്ലോക്ക്ബസ്റ്ററുകള്‍ സൃഷ്ടിക്കണം. സിനിമാ വ്യവസായത്തിന് നിങ്ങളെ ആവശ്യമാണ്.’ – കങ്കണ പറഞ്ഞു.

നേരത്തെ കങ്കണ ഉന്നയിച്ച അനിമല്‍ വിമര്‍ശനത്തിന് സന്ദീപ് വംഗ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.”എനിക്ക് ഒരവസരം ലഭിക്കുകയും കങ്കണ അതിനോട് യോജിക്കുമെന്ന് എനിക്ക് തോന്നുകയും ചെയ്താല്‍ ഞാന്‍ പോയി കഥ വിവരിക്കും. ക്വീനിലെയും മറ്റ് പല സിനിമകളിലെയും അവളുടെ പ്രകടനം എനിക്ക് ആത്മാര്‍ത്ഥമായി ഇഷ്ടപ്പെട്ടു. അതിനാല്‍ അവര്‍ അനിമലിനെ കുറിച്ച് മോശമായ അഭിപ്രായം പറയുകയാണെങ്കില്‍, എനിക്ക് പ്രശ്‌നമില്ല. അവരുടെ പ്രകടനം കണ്ടിട്ട് എനിക്ക് ദേഷ്യം വരുന്നില്ല’.

കഴിഞ്ഞ വര്‍ഷത്തെ ബോളിവുഡിലെ വന്‍ വിജയങ്ങളില്‍ ഒന്നാണ് അനിമല്‍. ഡിസംബര്‍ 1ന് റിലീസായ ചിത്രം ബോക്‌സോഫീസില്‍ 900 കോടി നേടി. രണ്‍ബീര്‍ കപൂര്‍ നായകനായി എത്തിയ ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമാണ് സമ്മാനിച്ചത്. രശ്മിക മന്ദാന, ബോബി ഡിയോള്‍, അനില്‍ കപൂര്‍ ഇങ്ങനെ വലിയ താരനിര തന്നെ ചിത്രത്തില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ജനുവരി 26ന് ചിത്രം നെറ്റ്ഫ്‌ലിക്‌സിലൂടെ ഒടിടി റിലീസ് ആകുകയും ചെയ്തിരുന്നു.

Top