‘ദയവായി എന്റെ പെര്‍ഫ്യൂം വാങ്ങൂ, എന്നാല്‍ എനിക്ക് ട്വിറ്റര്‍ വാങ്ങാം’; ട്വീറ്റുമായി മസ്‌ക്

ലോക സമ്പന്നരില്‍ ഒന്നാം സ്ഥാനത്തുള്ള ഇലോണ്‍ മസ്‌ക് കഴിഞ്ഞ ദിവസമാണ് പുതിയ ബിസിനസ് തുടങ്ങിയത്. സുഗന്ധദ്രവ്യ വ്യവസായത്തിലേക്കാണ് മസ്‌കിന്റെ ചുവടുവെയ്പ്പ്. ആദ്യ ഉത്പന്നമായ
‘ബേണ്‍ഡ് ഹെയര്‍’ എന്ന പേരിലുള്ള പെര്‍ഫ്യൂം മസ്‌ക് കഴിഞ്ഞ ദിവസം പുറത്തിറക്കുകയും ചെയ്തു. പുതിയ സംരംഭത്തെ സൂചിപ്പിച്ച് തന്റെ ട്വിറ്റര്‍ ബയോയില്‍ ‘പെര്‍ഫ്യൂം സെയ്ല്‍സ്മാന്‍’ എന്നും മസ്‌ക് മാറ്റിയിട്ടുണ്ട്.

‘ബേണ്‍ഡ് ഹെയര്‍’ ഭൂമിയിലെ ഏറ്റവും മികച്ച സുഗന്ധമാണെന്നാണ് മസ്‌ക് അവകാശപ്പെടുന്നത്. ട്വിറ്ററിലൂടെയായിരുന്നു മസ്‌ക് ഈ പെര്‍ഫ്യൂം പരിചയപ്പെടുത്തിയത്. ഇതിന് പിന്നാലെ മറ്റൊരു രസകരമായ ട്വീറ്റുമായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് അദ്ദേഹം. തന്റെ ഫോളോവേഴ്‌സിനോട് പെര്‍ഫ്യൂം വാങ്ങാന്‍ അഭ്യര്‍ഥിക്കുകയാണ് മസ്‌ക്. ‘ദയവായി നിങ്ങള്‍ എന്റെ പെര്‍ഫ്യൂം വാങ്ങൂ, എന്നാല്‍ എനിക്ക് ട്വിറ്റര്‍ വാങ്ങാന്‍ കഴിയും’ എന്നാണ് മസ്‌ക് ട്വീറ്റ് ചെയ്തത്.

സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഈ പെര്‍ഫ്യൂമിന് 100 ഡോളറാണ് വില. ഇത് ഏകദേശം 8400 രൂപ വരും. സുഗന്ധദ്രവ്യ വ്യാപരത്തിലേക്കുള്ള കടന്നുവരവ് അനിവാര്യമായിരുന്നെന്നും ഇത് കുറേ കാലമായി ആലോചനയിലുള്ള കാര്യമായിരുന്നെന്നും മസ്‌ക് നേരത്തെ വ്യക്തമാക്കിയിരുന്നു.

മസക് ട്വിറ്റര്‍ ഏറ്റെടുക്കുന്നു എന്നത് ലോകം കാതോര്‍ത്തിരുന്ന വാര്‍ത്തയായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഇടപാടുകളില്‍ ഒന്നായിട്ടായിരുന്നു ഇത് കണക്കാക്കിയിരുന്നത്. 4400 കോടി ഡോളറിന് മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വ്യാജ അക്കൗണ്ടുകളെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നതില്‍ ട്വിറ്റര്‍ പരാജയപ്പെട്ടതിനാല്‍ ഈ നീക്കം ഉപേക്ഷിക്കുകയാണെന്ന് മസ്‌ക് പിന്നീട് വ്യക്തമാക്കി. കരാറില്‍ നിന്ന് പിന്മാറിയ മസ്‌കിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി ട്വിറ്ററും രംഗത്തെത്തിയിരുന്നു.

Top