‘വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്തു തരാമെന്നു പറഞ്ഞുള്ള ഫോണ്‍വിളി ദയവായി ഒഴിവാക്കണം’; നിത്യ മേനോൻ

വിവാഹത്തെ സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്തയില്‍ കൂടുതല്‍ പ്രതികരണവുമായി നടി നിത്യ മേനോന്‍. ആ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ആവര്‍ത്തിച്ച നിത്യ വിവാഹത്തിനുവേണ്ട ഒരുക്കങ്ങള്‍ ചെയ്തു തരാമെന്നു പറഞ്ഞുള്ള ഫോണ്‍ വിളികളും സന്ദേശങ്ങളും ദയവ് ചെയ്ത് ഒഴിവാക്കണമെന്നും അഭ്യര്‍ഥിച്ചു. തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റു ചെയ്ത വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

‘ഞാനിപ്പോള്‍ വിവാഹം കഴിക്കുന്നില്ല. വാര്‍ത്തയില്‍ പറഞ്ഞതുപോലെ ഒരു വ്യക്തിയും ഇല്ല. ഞാന്‍ ഇപ്പോള്‍ വിവാഹം കഴിക്കുന്നില്ലെന്ന് നേരിട്ട് പറയാന്‍ വേണ്ടിയാണ് ഈ അവസരം ഉപയോഗിക്കുന്നത്. പിന്നെ അഭിനയത്തില്‍ ചില ഇടവേളകള്‍ പതിവായി ഞാന്‍ എടുക്കാറുണ്ട്. എന്നെത്തന്നെ തിരിച്ചുപിടിക്കാന്‍ എനിക്കു അങ്ങനെയൊരു സമയം ആവശ്യമാണ്. അത്തരത്തില്‍ ഇടവേളകള്‍ എടുക്കുന്ന അഭിനേതാവും വ്യക്തിയുമാണ് ഞാന്‍. റോബോട്ടിനെപ്പോലെ തുടര്‍ച്ചയായി ജോലി എടുക്കാന്‍ എനിക്കു കഴിയില്ല.

തിരക്കേറിയ ഒരു വര്‍ഷമാണ് കഴിഞ്ഞുപോയത്. അക്ഷരാര്‍ഥത്തില്‍ ഞാന്‍ എല്ലാ ദിവസവും ജോലി ചെയ്തു. ലോക്ക്ഡൗണ്‍ വന്നതോടെ വര്‍ക്കുകള്‍ കുമിഞ്ഞുകൂടി. ഇപ്പോള്‍ ഏറ്റെടുത്ത എല്ലാ പ്രൊജക്റ്റുകളും പൂര്‍ത്തിയായി. എല്ലാം റിലീസിന് ഒരുങ്ങുകയാണ്. അതാണ് ഏറ്റവും സന്തോഷകരമായ വാര്‍ത്ത. പിന്നെ ഞാനൊരു വെക്കേഷന് ഒരുങ്ങുകയാണ്. അങ്ങനെയൊരു ഇടവേള എനിക്ക് ആവശ്യമാണെന്ന് തോന്നി. അതുകൊണ്ട് വിവാഹത്തിനുവേണ്ട ഒരുക്കങ്ങള്‍ ചെയ്തു തരാമെന്ന് പറഞ്ഞുള്ള ഫോണ്‍ വിളികളും സന്ദേശങ്ങളും ദയവുചെയ്ത് ഒഴിവാക്കണം. എനിക്ക് അങ്ങനെ ഒരു പ്ലാനില്ല.

എന്റെ കാലിന് ചെറിയൊരു പരിക്ക് പറ്റിയിരുന്നു. ഇപ്പോള്‍ കുറച്ചു നടക്കാന്‍ തുടങ്ങി. ബെഡ് റെസ്റ്റിലായിരുന്ന സമയവും ഞാന്‍ ആസ്വദിച്ചു. വര്‍ക്കുകളെല്ലാം അവസാനിച്ച സമയത്താണ് പരിക്കേറ്റത്. അതും ഈ സമയം ആഘോഷിക്കാന്‍ കാരണമായി. എന്റെ അവധിക്കാലം തുടങ്ങിക്കഴിഞ്ഞു.’-നിറഞ്ഞ ചിരിയോടെ നിത്യ മേനോന്‍ വീഡിയോയില്‍ വ്യക്തമാക്കുന്നു.

Top