പൗരത്വ നിയമത്തിന് സ്റ്റേ നല്‍കാനാകില്ല, അസമിലെ പ്രശ്‌നങ്ങള്‍ വേറെ പരിഗണിക്കും

പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട 140-ലധികം ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നു.സുപ്രീംകോടതിയെ സംബന്ധിച്ചിടത്തോളം ഒരു കേസില്‍ വരുന്ന ഹര്‍ജികളില്‍ റെക്കോഡ് എണ്ണമാണിത്. പൗരത്വ നിയമത്തിനോ എന്‍പിആറിനോ സ്റ്റേ നല്‍കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് വാക്കാല്‍ പരാമര്‍ശിച്ചു.

അതേസമയം, രാജ്യത്തെ മറ്റിടങ്ങളിലെ പ്രശ്‌നങ്ങള്‍ പോലെയല്ല അസമിലെ പ്രശ്‌നങ്ങള്‍ എന്നും അസമിലെ ഹര്‍ജികള്‍ പ്രത്യേകം പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ത്രിപുരയില്‍ നിന്ന് വന്ന ഹര്‍ജികളും ഇതിനൊപ്പം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേകമായി കണക്കാക്കി വേറെ പരിഗണിക്കണമെന്ന് അസമിലെ അഭിഭാഷകരും അറിയിച്ചു. മാത്രമല്ല അസമിലെ ഹര്‍ജികള്‍ പ്രത്യേകം പരിഗണിക്കണമെന്നും, അതിനാല്‍ ഇടക്കാല ഉത്തരവ് വേണമെന്നും പൗരത്വ നിയമഭേദഗതി നിയമം അതുവരെ സ്റ്റേ ചെയ്യണമെന്നും അസമിലെ അഭിഭാഷകര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. വികാസ് സിംഗ് കോടതിയെ അറിയിച്ചു.

സെന്‍സസിന്റെ ആദ്യപടിയായി ദേശീയ ജനസംഖ്യാ റജിസ്റ്റര്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നും, അതിനാല്‍ ആ നടപടികള്‍ നീട്ടി വയ്ക്കണമെന്നും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞു. മുസ്ലിം ലീഗിനും ടി എന്‍ പ്രതാപനും വേണ്ടിയാണ് കപില്‍ സിബല്‍ ഹാജരാകുന്നത്.

Top