കൊറോണാവൈറസിനെ പടിയിറക്കാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം

21 ദിവസത്തെ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചത് മൂലം രാജ്യത്തെ പൗരന്‍മാരുടെ അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടതായി ചൂണ്ടിക്കാണിച്ച് സുപ്രീംകോടതിയില്‍ പരാതി. എന്നാല്‍ നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട് പ്രകാരം നടപ്പാക്കിയത് ശരിയല്ലെന്നും, ഭരണഘടന പ്രകാരം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ് വേണ്ടതെന്നുമാണ് ഹര്‍ജിയില്‍ വാദിക്കുന്നത്.

സെന്റര്‍ ഫോര്‍ സിസ്റ്റെമിക് അക്കൗണ്ടബിളിറ്റി ആന്റ് ചേഞ്ചാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ വ്യത്യസ്തമായ നടപടികള്‍ പ്രഖ്യാപിക്കുക കൂടി ചെയ്യുന്നതോടെ ആശയക്കുഴപ്പവും, നിയമരാഹിത്യവുമാണ് രാജ്യത്ത് കടന്നുകൂടുന്നതെന്നാണ് ഇവരുടെ വാദം. ഇത് ഒഴിവാക്കാന്‍ കേന്ദ്രവും, സംസ്ഥാന സര്‍ക്കാരുകളും ഏകീകരിക്കുന്ന കമ്മാന്‍ഡ് സൃഷ്ടിച്ചാണ് നിലവിലെ സ്ഥിതി നേരിടേണ്ടത്.

‘സ്വതന്ത്ര ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ അടിയന്തരാവസ്ഥയാണിത്. ഇത് ഭരണഘടനയിലെ നടപടിക്രമങ്ങള്‍ പാലിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരും ഏകോപിപ്പിച്ച് ചെയ്യണമെന്നാണ്’, പരാതിയില്‍ ആവശ്യപ്പെടുന്നത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 360 പ്രകാരം രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. കൊറോണാവൈറസ് ഭീഷണിയെ നേരിടാനും, അടച്ചുപൂട്ടലിന് ശേഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പിടിച്ചുയര്‍ത്താനും ഇത് ആവശ്യമാണെന്ന് പരാതിക്കാര്‍ വാദിക്കുന്നു.

ഇടക്കാല നടപടിയായി വൈദ്യുതി, വെള്ളം, ഗ്യാസ്, ടെലിഫോണ്‍, ഇന്റര്‍നെറ്റ് ബില്ലുകള്‍ റദ്ദാക്കാനും, ലോണ്‍ മാസതവണകള്‍ അടച്ചുപൂട്ടല്‍ കാലയളവില്‍ ഒഴിവാക്കി നല്‍കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു. മാര്‍ച്ച് 24ന് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട് പ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് മൂന്നാഴ്ചത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇതിന് പുറമെ സംസ്ഥാനങ്ങള്‍ 144ാം വകുപ്പ് പ്രകാരം മറ്റ് നടപടികളും സ്വീകരിക്കുന്നുവെന്നാണ് ഹര്‍ജിക്കാര്‍ ചൂണ്ടക്കാണിക്കുന്നത്.

Top