ഇതാണോ പത്രപ്രവര്‍ത്തനം? ഹൈദരാബാദ് ഡോക്റുടെ പേര് പുറത്തുവിട്ട മാധ്യമങ്ങള്‍ക്കെതിരെ പരാതി

ഹൈദരാബാദില്‍ നാല് പേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ യുവതിയുടെ പേരും, മറ്റ് വിവരങ്ങളും പുറത്തുവിട്ട മാധ്യമസ്ഥാപനങ്ങള്‍ക്കും, വ്യക്തികള്‍ക്കും എതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍, ജസ്റ്റിസ് സി ഹരി ശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ചിന് മുന്‍പാകെയാണ് പരാതി.

പീഡന ഇരകളുടെ പേരുവിവരങ്ങള്‍ പുറത്തുവിടുന്നത് ഐപിസി വകുപ്പുകള്‍ പ്രകാരവും, വിവിധ സുപ്രീംകോടതി ഉത്തരവുകള്‍ അനുസരിച്ചും നിയമവിരുദ്ധമാണെന്ന് ചൂണ്ടക്കാണിച്ചാണ് അഭിഭാഷകന്‍ യഷ്ദീപ് ചാഹല്‍ കേസ് നല്‍കിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 228 എ ലംഘിച്ചാണ് ഹൈജദരാബാദ് കേസില്‍ ഇരയുടെയും, പ്രതികളുടെയും വിവരങ്ങള്‍ പുറത്തുവിട്ട വ്യക്തികളും, മാധ്യമ സ്ഥാപനങ്ങളും ചെയ്യുന്നതെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു. ചില മാധ്യമങ്ങള്‍ ഇതുസംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ടുകള്‍ പോലും പ്രസിദ്ധീകരിക്കുന്നു. ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ പോര്‍ട്ടലുകളില്‍ ഇതാണ് സ്ഥിതി.

ഇത്തരം കുറ്റങ്ങള്‍ മേല്‍പ്പറഞ്ഞ സെക്ഷന്‍ പ്രകാരം രണ്ട് വര്‍ഷം വരെ തടവിനും, പിഴയ്ക്കും വഴിയൊരുക്കുന്നതാണ്. ഇരയുടെയും, പ്രതികളുടെയും വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും മാധ്യമങ്ങളെ തടയാന്‍ സംസ്ഥാന പോലീസ് അധികൃതരും. സൈബര്‍ സെല്ലും വീഴ്ച വരുത്തുന്നതായി പരാതിയില്‍ ആരോപിച്ചു. നവംബര്‍ 27ന് 26കാരിയായ വെറ്റിനറി ഡോക്ടര്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ രാജ്യത്ത് പ്രതിഷേധം ആളിക്കത്തുന്നതിന് ഇടെയാണ് ഈ പരാതി.

കത്വ പീഡനക്കേസില്‍ എട്ട് വയസ്സുകാരിയുടെ പേര് പുറത്തുവിട്ട 12 മാധ്യമ സ്ഥാപനങ്ങള്‍ക്ക് 10 ലക്ഷം രൂപയാണ് ഡല്‍ഹി ഹൈക്കോടതി പിഴ വിധിച്ചത്. എന്‍ഡിടിവി, റിപബ്ലിക്, ടൈംസ് ഓഫ് ഇന്ത്യ, ദി വീക്ക്, ദി ഹിന്ദു തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളും ഇരയുടെ സ്വകാര്യത ഹനിച്ചതിന് മാപ്പ് പറയേണ്ടി വന്നിരുന്നു.

Top