സില്‍വര്‍ ലൈന്‍ പദ്ധതി സര്‍വ്വേക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി, തിങ്കളാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിക്കുള്ള സ്ഥലമെറ്റെടുക്കല്‍ സര്‍വ്വേക്കെതിരായ ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. സര്‍വേ നടത്താന്‍ അനുമതി നല്‍കിയ ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. പദ്ധതിയുടെ പേരില്‍ വിവിധ ജില്ലകളില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവരാണ് കോടതിയെ സമീപിച്ചത്. നിലവിലെ സര്‍വേ നിയമപരമല്ലെന്ന് ഹര്‍ജിക്കാര്‍ കുറ്റപ്പെടുത്തുന്നു.

അതിനിടെ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ അനുമതിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ദില്ലിയിലെത്തി കൂടിക്കാഴ്ച നടത്തി. പദ്ധതിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുമ്പോഴാണ് മുഖ്യമന്ത്രി നേരിട്ട് പ്രധാനമന്ത്രിയെ കണ്ടത്. പദ്ധതി സംബന്ധിച്ച കേരളത്തിന്റെ ആവശ്യം പ്രധാനമന്ത്രി നരേന്ദ്രമോദി അനുഭാവപൂര്‍വ്വം കേട്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പ്രധാനമന്ത്രിയും റയില്‍വേ മന്ത്രിയും ചര്‍ച്ച നടത്തി.

എന്തൊക്കെ എതിര്‍പ്പുയര്‍ന്നാലും സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്‍പോട്ട് പോകുമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. എന്നാല്‍ കേന്ദ്രത്തിന്റെ തത്വത്തിലുള്ള അനുമതി മാത്രമാണ് ഇപ്പോള്‍ പദ്ധതിക്കുള്ളത്. ഈ അനുമതിയുടെ ബലത്തിലാണ് സര്‍ക്കാര്‍ നടപടികള്‍ നീക്കുന്നത്. അന്തിമ അനുമതി നല്‍കരുതെന്ന് ബിജെപിയും യുഡിഎഫും കേന്ദ്രത്തോടാവശ്യപ്പെട്ടിട്ടുണ്ട്.

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ഇന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധം. അതിര് കല്ലിടലിനെത്തിയ ഉദ്യോഗസ്ഥരെ കോട്ടയം കുഴിയാലിപ്പടിയിലും മലപ്പുറം തവനൂരിലും പ്രതിഷേധക്കാര്‍ തടഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് തവനൂരില്‍ സര്‍ക്കാര്‍ ഭൂമിയില്‍ മാത്രമാണ് കല്ലിടാന്‍ കഴിഞ്ഞത്. കോട്ടയം കുഴിയാലിപ്പടിയില്‍ പ്രതിഷേധം കാരണം കല്ലിടല്‍ നടന്നില്ല. അതിനിടെ കെ റെയില്‍ ഉപേക്ഷിക്കണമെന്ന ആവശ്യവുമായി സെക്രട്ടേറിയറ്റിലേക്ക് മേധ പട്കറുടെ നേതൃത്വത്തില്‍ കെ റെയില്‍ വിരുദ്ധ സമരസമിതി മാര്‍ച്ച് നടത്തി.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും ഇന്ന് കെ റെയിലിനെതിരെ പ്രതിഷേധിച്ചു. യൂത്ത്‌കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ജില്ല കളക്റ്ററേറ്റുകളിലേക്ക് മാര്‍ച്ച് നടത്തി. കോഴിക്കോടും തൃശ്ശൂരും കോണ്‍ഗ്രസിന്റെ കളക്ടറേറ്റ് മാര്‍ച്ച് സംഘര്‍ഷത്തിലെത്തി. കോഴിക്കോട് മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ടി സിദ്ധീഖ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി. തൃശൂരിലും പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കണം എന്നാവശ്യപ്പെട്ട് വെസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പാലക്കാട് പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി.

Top