ശബരിമല യുവതീപ്രവേശനം: മുഖ്യമന്ത്രിക്കും ഡിജിപിക്കും എതിരായ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

പത്തനംതിട്ട: എ എച്ച് പി നേതാവ് പ്രതീഷ് വിശ്വനാഥന്‍ ശബരിമല യുവതീപ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രിക്കും ഡിജിപി ലോക്‌നാഥ് ബെഹ്റക്കും എതിരെ സമര്‍പ്പിച്ച ഹര്‍ജി റാന്നി മജിസ്‌ട്രേട്ട് കോടതി ഫയലില്‍ സ്വീകരിച്ചു. സുപ്രീംകോടതി വിധി ലംഘിച്ചുകൊണ്ടാണ് ശബരിമലയില്‍ സ്ത്രീ പ്രവേശനം നടത്തിയതെന്നും ഇതില്‍ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്.

വിശ്വാസികളല്ലാത്ത ബിന്ദുവിനെയും കനക ദുര്‍ഗയെയും ശബരിമലയില്‍ ദര്‍ശനം നടത്താന്‍ സഹായിച്ചതിനെതിരെയാണ് ഹര്‍ജി നല്‍കിയത്. ജനുവരി രണ്ടിന് കോഴിക്കോട്, മലപ്പുറം സ്വദേശികളായ യുവതികള്‍ ദര്‍ശനം നടത്തിയത് വ്രതാനുഷ്ഠാനങ്ങള്‍ തെറ്റിച്ചാണെന്നും ഇവര്‍ക്ക് ദര്‍ശനമൊരുക്കാന്‍ ഗൂഢാലോചന നടത്തിയെന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.

മതവികാരങ്ങളെ അപമാനിക്കാനാണ് എതിര്‍കക്ഷികള്‍ ശ്രമിക്കുന്നതെന്ന് ഹര്‍ജിക്കാരന്‍ കുറ്റപ്പെടുത്തി. വിശ്വാസികളായവരും വ്രതം നോക്കിയവരുമായ സ്ത്രീകള്‍ക്ക് ശബരിമല ദര്‍ശനം നടത്താം എന്ന വിധി ലംഘിച്ചു എന്നാണ് പ്രതീഷ് വിശ്വനാഥാന്റെ പരാതിയില്‍ പറയുന്നത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ചതോടെ ഫെബ്രുവരി1 ന് മൊഴിയെടുക്കല്‍ ഉള്‍പ്പടെയുള്ള നടപടികള്‍ നടക്കും എന്നാണ് വിവരം.

Top