‘മിത്രോം ആപ്പ്’ നീക്കം ചെയ്തതിന് പിന്നാലെ ‘റിമൂവ് ചൈന ആപ്പ്‌സ്’ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു

ചൈനീസ് ആപ്പുകള്‍ ഫോണുകളില്‍ നിന്ന് എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ‘റിമൂവ് ചൈന ആപ്പ്‌സ്’ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു. ജയ്പൂര്‍ ആസ്ഥാനമായുള്ള വണ്‍ടച്ച്അപ്ലാബ്‌സാണ് പ്ലേ സ്റ്റോറില്‍ നിന്ന് അപ്ലിക്കേഷന്‍ താല്‍ക്കാലികമായി നീക്കം ചെയ്ത കാര്യ അറിയിച്ചത്.

നേരത്തെ ചൈനീസ് കമ്പനിയായ ടിക് ടോക്കിന് പകരം ഇന്ത്യന്‍ നിര്‍മിതമായ ആപ്ലിക്കേഷന്‍ എന്ന നിലയില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രചാരം നേടിയെടുത്ത മിത്രോം ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നു നീക്കം ചെയ്തിരുന്നു. ഇതിനുള്ള കാരണം എന്താണെന്ന് ഗൂഗിള്‍ വ്യക്ത്മാക്കിയിട്ടില്ല.

പോളിസിക്ക് വിരുദ്ധമായ ആപ്പുകളെയാണ് പ്ലേസ്റ്റോര്‍ സാധാരണയായി നീക്കം ചെയ്യാറ്. വിവിധ തരത്തിലുള്ള പോളിസി വയലേഷനുകള്‍ രണ്ട് ആപ്പുകളും നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്‌തെങ്കിലും നേരത്തെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ മിത്രാ ആപ്പ് പ്രവര്‍ത്തിക്കും. 50 ലക്ഷത്തില്‍ അധികം ആളുകളാണ് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ വരെ ആപ്പ് പ്ലേസ്റ്റോറിന്റെ ഫ്രീ ആപ്പ് ലിസ്റ്റില്‍ ഒന്നാമതായിരുന്നു.

ഓരോ ആപ്പുകളായി സെലക്ട് ചെയ്ത് നീക്കം ചെയ്യുന്നതിനു പകരം എളുപ്പത്തില്‍ ചൈനീസ് ആപ്പുകള്‍ കണ്ടുപിടിക്കാനും നീക്കം ചെയ്യാനും സഹായിക്കുന്നതായിരുന്നു റിമൂവ് ചൈന ആപ്പ്‌സ്.

Top