സോണിയുടെ ഗെയിമിങ് കൺസോൾ പ്ലേസ്റ്റേഷൻ 5ന്റെ ഇന്ത്യ ലോഞ്ച് തീയതി പുറത്ത് ‌വിട്ടു

2013-ൽ വിപണിയിലെത്തിയ സോണിയുടെ ഗെയിമിങ് കൺസോൾ പ്ലേസ്റ്റേഷൻ 4-ന്റെ പിൻഗാമി പ്ലേസ്റ്റേഷൻ 5ന്റെ വില പ്രഖ്യാപിച്ചു. 7 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് 2020 നവംബറിൽ സോണിയുടെ പുത്തൻ ഗെയിമിങ് കൺസോളായ പ്ലേസ്റ്റേഷൻ 5 വിപണിയിലെത്തിയത്. എന്നാൽ അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ വില്പന ആരംഭിച്ച പ്ലേസ്റ്റേഷൻ 5 ഇന്ത്യയിൽ ലഭ്യമാവാൻ ഏകദേശം ഒരു മാസമെങ്കിലും ആകുമെന്നാണ് സൂചന. ഇന്ത്യയിൽ ഇത് ഫെബ്രുവരി 2 മുതലാണ് ലഭ്യമാവുക എന്ന് വ്യക്തമാക്കി പുതുവത്സരദിനത്തിൽ സോണി ഇന്ത്യ ട്വീറ്റ് ചെയ്തിരുന്നു. ഈ മാസം 12 മുതലാണ് പ്ലേസ്റ്റേഷൻ 5-നായുള്ള ബുക്കിങ് ആരംഭിക്കുക. ആമസോൺ, ഫ്ലിപ്കാർട്ട്, ക്രോമ, റിലയൻസ് ഡിജിറ്റൽ, ഗെയിംസ് ദി ഷോപ്, ഷോപ് അറ്റ് സോണി സെന്റർ, വിജയ് സെയ്ൽസ് തുടങ്ങിയ ഓൺലൈൻ ഓഫ്‌ലൈൻ ഉപാധികളിലൂടെ പ്ലേസ്റ്റേഷൻ 5 ബുക്ക് ചെയ്യാം

പ്ലേസ്റ്റേഷൻ 5 സ്റ്റാൻഡേർഡ് പതിപ്പിന് 49,990 രൂപയും പ്ലേസ്റ്റേഷൻ 5 ഡിജിറ്റൽ എഡിഷന് 39,990 രൂപയും ആണ് ഇന്ത്യയിൽ വില. പ്ലേസ്റ്റേഷൻ 5-നോടൊപ്പം ലഭ്യമായ ധാരാളം അക്‌സെസ്സറികളുടെയും വില സോണി പുറത്തു വിട്ടിട്ടുണ്ട്. പുതിയ തലമുറ ഡ്യുവൽസെൻസ് വയർലെസ്സ് കൺട്രോളറിന് 5,990 രൂപയാണ് വില. പ്ലേസ്റ്റേഷൻ എച്ഡി ക്യാമറയ്ക്ക് 5,190 രൂപയും, പൾസ്‌ 3ഡി വയർലെസ്സ് ഹെഡ്സെറ്റിന് 8,590 രൂപയും, പ്ലേസ്റ്റേഷൻ മീഡിയ റിമോട്ടിന് 2,590 രൂപയും കൺട്രോളറിനുള്ള ഡ്യുവൽസെൻസ് ചാർജിങ് സ്റ്റേഷന് 2,590 രൂപയുമാണ് വില.

പ്ലേസ്റ്റേഷൻ 5-ൽ കളിക്കാവുന്ന 5 പുത്തൻ ഗെയിമുകളുടെ വിവരങ്ങളും സോണി വ്യക്തമാക്കിയിട്ടുണ്ട്. ഡീമോൺസ്‌ സോൾസ് (Rs 4,999), ഡിസ്ട്രക്ഷൻ ഓൾസ്റ്റാർസ് (Rs 4,999), മാർവെൽ സ്‌പൈഡർമാൻ മൈൽസ് മൊറാലസ്: അൾട്ടിമേറ്റ് എഡിഷൻ (Rs 4,999), സാക്‌ബോയ്‌: എ ബിഗ് അഡ്വെഞ്ചർ (Rs 3,999), മാർവെൽ സ്‌പൈഡർമാൻ: മൈൽസ് മൊറാലസ് (Rs 3,999) എന്നിവയാണ് പുത്തൻ ഗെയിമുകൾ.പ്ലേസ്റ്റേഷൻ 5-ന്റെ എതിരാളികൾ പ്രധാനിയായ മൈക്രോസോഫ്റ്റിന്റെ എക്‌സ്‌ബോക്‌സ് സീരീസ് എസ്, എക്‌സ്‌ബോക്‌സ് സീരീസ് എക്‌സ് എന്നിവയ്ക്ക് യഥാക്രമം 34,990 രൂപയും, 49,990 രൂപയുമാണ് വില. പുത്തൻ എക്‌സ്‌ബോസ് സീരീസിന്റെ വില്പന 2020 നവംബർ 10-ന് ആരംഭിച്ചു.

Top