വൈഡും നോ ബോളും ചോദ്യം ചെയ്യാം; ഐപിഎല്ലിലും പുതിയ നിയമം നടപ്പാക്കാനൊരുങ്ങി ബിസിസിഐ

മുംബൈ: നിര്‍ണായക ഘട്ടങ്ങളില്‍ ഫീല്‍ഡ് അമ്പയര്‍ വിളിക്കുന്ന വൈഡോ ഉയരത്തിന്‍റെ അടിസ്ഥാനത്തിലുള്ള നോ ബോളോ മത്സരഫലത്തെ തന്നെ പലപ്പോഴും സ്വാധീനിക്കാറുണ്ട്. പുരുഷ ഐപിഎല്ലില്‍ നിരവധി മത്സരങ്ങള്‍ ഇത്തരത്തില്‍ വിവാദത്തിലുമായിട്ടുണ്ട്. എന്നാല്‍ ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ബിസിസിഐ. ഇപ്പോള്‍ നടക്കുന്ന വനിതാ പ്രീമിയര്‍ ലീഗില്‍ ഫീല്‍ഡ് അമ്പയര്‍ വിളിക്കുന്ന വൈഡും നോ ബോളും ഡിആര്‍എസിലൂടെ(ഫീല്‍ഡ് അമ്പയറുടെ തീരുമാനം റിവ്യു ചെയ്യാനുള്ള നടപടി) ഇനി മുതല്‍ കളിക്കാര്‍ക്ക് ചോദ്യം ചെയ്യാം.

ഈ നിയമം നടപ്പാക്കുന്ന ആദ്യ ലീഗാണ് വനിതാ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. വനിതാ പ്രീമിയര്‍ ലീഗില്‍ പരീക്ഷണം വിജയകരമായതോടെ ഈ മാസം അവസാനം തുടങ്ങുന്ന പുരുഷ ഐപിഎല്ലിലും പുതിയ നിയമം നടപ്പാക്കാന്‍ ഒരുങ്ങുകയാണ് ബിസിസിഐ. ഫീല്‍ഡ് അമ്പയര്‍ വൈഡോ നോ ബോളോ വിളിച്ചാല്‍ ഡിആര്‍എസ് സമയപരിധി അവസാനിക്കുന്നതിന് മുമ്പ് ബാറ്റര്‍ക്കോ ഫീല്‍ഡിംഗ് ടീമിനോ ഇത് ചോദ്യം ചെയ്യാം. ഓരോ ടീമിനും ഒരു ഇന്നിംഗ്സില്‍ പരമാവധി അനുവദിക്കുന്ന രണ്ട് ഡിആര്‍എസില്‍ വൈഡും നോ ബോളും ചോദ്യം ചെയ്യുന്നതും ഉള്‍പ്പെടും. എന്നാല്‍ ഫീല്‍ഡ് അമ്പയറുടെ ലെഗ് ബൈ തീരുമാനങ്ങള്‍ ഡിആര്‍എസിലൂടെ കളിക്കാര്‍ക്ക് ചോദ്യം ചെയ്യാനാവില്ല.

വനിതാ ഐപിഎല്ലിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ തന്നെ കളിക്കാര്‍ പുതിയ നിയമം ഫലപ്രദമായി ഉപയോഗിച്ചിരുന്നു. മുംബൈയും ഗുജറാത്തും തമ്മിലുള്ള ഉദ്ഘാടന മത്സരത്തില്‍ ഗുജറാത്ത് താരം മോണിക്കക്കെതിരെ മുംബൈ സ്പിന്നര്‍ സൈക ഇഷാഖ് എറിഞ്ഞ പന്ത് ലെഗ് സൈഡിലൂടെ പോയപ്പോള്‍ ഫീല്‍ഡ് അമ്പയര്‍ വൈഡ് വിളിച്ചിരുന്നു. എന്നാല്‍ മുംബൈ ഡിആര്‍എസിലുടെ ഇത് ചോദ്യം ചെയ്തു. റീപ്ലേകളില്‍ പന്ത് മോണിക്കയുടെ ഗ്ലൗസില്‍ ഉരഞ്ഞിരുന്നുവെന്ന് വ്യക്തമായി. ഇതോടെ അമ്പയര്‍ തീരുമാനം തിരുത്തി. രണ്ടാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും പുതിയ നിയമപ്രകാരം റിവ്യു എടുത്തിരുന്നു. ഡല്‍ഹിയുടെ ജെമീമ റോഡ്രിഗസിനതിരെ മെഗാന്‍ ഷട്ട് എറിഞ്ഞ ഹൈ ഫുള്‍ട്ടോസ് ജെമീമ ബൗണ്ടറി കടത്തിയെങ്കിലും ഫീല്‍ഡ് അമ്പയര്‍ ആ പന്ത് നോ ബോള്‍ വിളിച്ചില്ല. ജെമീമ ഡിആര്‍എസിലൂടെ റിവ്യു ചെയ്തതോടെ ഫീല്‍ഡ് അമ്പയര്‍ക്ക് തീരുമാനം മാറ്റേണ്ടിവന്നിരുന്നു.

ഐപിഎല്ലില്‍ നോ ബോള്‍ എറിഞ്ഞതിന്‍റെ പേരില്‍ നിരവധി മത്സരങ്ങള്‍ വിവാദത്തിലായിട്ടുണ്ട്. 2019ല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ബെന്‍ സ്റ്റോക്സ് എറിഞ്ഞ ഹൈ ഫുള്‍ട്ടോസ് നോ ബോള്‍ വിളിക്കാഞ്ഞതിനെത്തുടര്‍ന്ന് ചെന്നൈ നായകന്‍ എം എസ് ധോണി ഗ്രൗണ്ടിലിറങ്ങി അമ്പയര്‍മാരോട് കയര്‍ത്തിരുന്നു. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിലും സമാനമായ സംഭവങ്ങള്‍ നടന്നിരുന്നു.

Top