പ്ലെയര്‍ ഓഫ് ദ മാച്ച് സമ്മാനത്തുക കൊളംബോ ഗ്രൗണ്ട്സ്റ്റാഫിന്

കൊളംബോ: ഏകദിനത്തിലെ തന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ് ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയ്ക്കെതിരേ മുഹമ്മദ് സിറാജ് പുറത്തെടുത്തത്. 21 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയ സിറാജിന്റെ മികവില്‍ ലങ്കയെ വെറും 50 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 10 വിക്കറ്റ് ജയത്തോടെ എട്ടാം തവണയും ഏഷ്യാ കപ്പില്‍ മുത്തമിടുകയും ചെയ്തു.

വെല്ലുവിളികള്‍ നിറഞ്ഞ കാലാവസ്ഥയിലും കൊളംബോ ഗ്രൗണ്ട് സ്റ്റാഫുകളാണ് ഏഷ്യാ കപ്പ് മത്സരങ്ങളുടെ നടത്തിപ്പ് ഉറപ്പാക്കിയത്.നേരത്തേ പാകിസ്താനെതിരായ മത്സരശേഷം രോഹിത് ശര്‍മയും വിരാട് കോലിയും ഗ്രൗണ്ട് സ്റ്റാഫുകളെ പ്രശംസിച്ചിരുന്നു. നേരത്തേ പാകിസ്താനെതിരായ മത്സരശേഷം രോഹിത് ശര്‍മയും വിരാട് കോലിയും ഗ്രൗണ്ട് സ്റ്റാഫുകളെ പ്രശംസിച്ചിരുന്നു. ഫൈനലിന് ശേഷമുള്ള സമ്മാനദാന ചടങ്ങിനിടെയാണ് സിറാജ് ഗ്രൗണ്ട് സ്റ്റാഫുകളുടെ സേവനത്തെ അഭിനന്ദിക്കുകയും തനിക്ക് ലഭിച്ച സമ്മാനത്തുക അവര്‍ക്കായി നല്‍കുകയാണെന്നും അറിയിച്ചത്. അവരില്ലായിരുന്നുവെങ്കില്‍ ഈ ടൂര്‍ണമെന്റ് തന്നെ സാധ്യമാകുമായിരുന്നില്ലെന്നും സിറാജ് പറഞ്ഞു.

തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തോടെ സിറാജായിരുന്നു ഫൈനലിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ പ്ലെയര്‍ ഓഫ് ദ മാച്ച് സമ്മാനത്തുക കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫിന് നല്‍കുകയാണ് അദ്ദേഹം ചെയ്തത്. താരത്തിന്റെ ഈ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പ്രതികരിക്കുന്നത്.

 

Top