പരിസ്ഥിതി സൗഹൃദ കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി പൂജപ്പുരയിലെ തടവുകാര്‍

toys-ecofriendly

തിരുവനന്തപുരം: സംസ്ഥാനത്ത് ജയിലുകളില്‍ തടവുകാര്‍ അവര്‍ക്ക് കഴിയുന്നതരത്തിലുള്ള ജോലികള്‍ ചെയ്യാറുണ്ട്. അത്തരത്തില്‍ ചപ്പാത്തിയും, ചിക്കന്‍ ഭക്ഷണങ്ങളും ഉണ്ടാക്കി വില്‍പ്പനയ്‌ക്കെത്തിച്ച തടവുകാരെ കുറിച്ചുള്ള വാര്‍ത്തകള്‍ നേരത്തെ തന്നെ എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ പരിസ്ഥിതി സൗഹൃദപരമായ കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ്. ഇത്തരത്തില്‍ ഇവരുടെ കഴിവുകള്‍ പരീക്ഷിക്കാന്‍ തയ്യാറാവുകയാണ് ജയില്‍ അധികൃതര്‍.

ദോഷകരവും, വളരെ വിലയേറിയതുമായ പ്ലാസ്റ്റിക് കളിപ്പാട്ടങ്ങള്‍ കുറയ്ക്കുന്നതും, കൂടാതെ താഴ്ന്ന വരുമാനക്കാര്‍ക്ക് ഇത്തരം കളിപ്പാട്ടങ്ങള്‍ വാങ്ങുവാന്‍ സാധിക്കില്ലെന്ന കാര്യവും, ഈ സംരംഭം തുടങ്ങുന്നതിന് പ്രധാന കാരണമായെന്ന് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് എസ് സന്തോഷ് വ്യക്തമാക്കി.

മരവും, തുണിയും പോലുള്ള പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ക്ക് വലിയ ഡിമാന്റാണ് ഉള്ളതെന്നും, തടവുകാര്‍ക്ക് ഇത്തരത്തിലൊരു ആശയത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിന് മെഡിക്കല്‍ കോളേജിലെ ശിശു വികസന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഒരു വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജയിലില്‍ സ്ത്രീ തടവുകാര്‍ മൃദുവായ കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കുകയും, പുരുഷ തടവുകാര്‍ തടി കൊണ്ടുള്ള മറ്റു തരത്തിലുള്ള കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കുന്നതിനുമാണ് ഉദ്ദേശിക്കുന്നത്. ആദ്യം പ്രധാനമായും കളിപ്പാട്ടങ്ങള്‍ വില്‍ക്കുവാന്‍ ലക്ഷ്യമിടുന്നത് 3,000 അഗന്‍വാടികളിലേയ്ക്കും, ഗ്രാമീണ പ്രദേശങ്ങളിലെ ശിശുസംരക്ഷണ കേന്ദ്രങ്ങളിലേയ്ക്കുമാണ്. കുറഞ്ഞ ചിലവിലായിരിക്കും ഇവ കുട്ടികളിലേയ്ക്ക് എത്തിക്കുക.

Top