കാര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഇന്ധനം പ്ലാസ്റ്റിക്കില്‍നിന്ന് കണ്ടെത്തിയെന്ന്

plastic

ലണ്ടന്‍: ഉപേക്ഷിച്ച പ്ലാസ്റ്റിക്കുകളെ കാര്‍ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്ന ഹൈഡ്രജന്‍ ഇന്ധനമായി രൂപാന്തരപ്പെടുത്തിയെന്ന അവകാശവാദവുമായി യുകെയിലെ സ്വാന്‍സീ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ രംഗത്ത്.

പ്ലാസ്റ്റിക് ആദ്യം വൃത്തിയാക്കേണ്ടതില്ലെന്നും, അതിനാല്‍ തന്നെ ഈ പ്രക്രിയ റീസൈക്ലിങിനുള്ള(പുന:ചംക്രമണം) വിലകുറഞ്ഞ ബദലായിരിക്കുമെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഭൂരിഭാഗം പ്ലാസ്റ്റിക് ബോട്ടിലുകളും പി ഇ ടി (polyethylene terephthalate)കൊണ്ട് നിര്‍മ്മിതമാണ്. ശുദ്ധീകരിക്കാനുള്ള ബുദ്ധിമുട്ട് മൂലമാണ് ബോട്ടിലുകള്‍ ഉപേക്ഷിക്കുന്നത്. എന്നാല്‍ തങ്ങള്‍ നടത്തിയിരിക്കുന്ന കണ്ടുപിടുത്തത്തില്‍ പ്ലാസ്റ്റിക്ക് ശുദ്ധീകരിക്കേണ്ടി വരുന്നില്ലെന്നു ഗവേഷണത്തിനു നേതൃത്വം നല്‍കിയ ഡോ.മോറിറ്റ്‌സ് പറഞ്ഞു.

റീസൈക്കിള്‍ ചെയ്യാത്ത പ്ലാസ്റ്റിക്കുകള്‍ കൊണ്ട് എന്തെങ്കിലും ഉപയോഗം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു തങ്ങളെന്നു ഡോ.മോറിറ്റ്‌സ് പറഞ്ഞു. പ്ലാസ്റ്റിക്കില്‍ നിന്നും ഇന്ധനം ഉത്പാദിപ്പിക്കാമെന്നു കണ്ടെത്തിയെങ്കിലും, ഈ ഇന്ധനം വ്യാവസായിക അടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കണമെങ്കില്‍ ഇനിയും വര്‍ഷങ്ങളെടുക്കുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Top