പ്ലാസ്റ്റിക് നിരോധനം ; സ്റ്റീല്‍ പാത്രങ്ങളില്‍ ഭക്ഷണം കൊടുത്തുവിട്ട് ഒരു ഹോട്ടല്‍

steel

പൂണെ: സ്റ്റീല്‍ ലഞ്ച് ബോക്‌സുകളില്‍ ഭക്ഷണം കൊടുത്തുവിട്ട് മാതൃകയായി മഹാരാഷ്ട്രയിലെ ഒരു ഹോട്ടല്‍. മഹാരാഷ്ട്ര സര്‍ക്കാരിന്റെ പ്ലാസ്റ്റിക് നിരോധനത്തെ തുടര്‍ന്നാണ് ഹോട്ടലിന്റെ പുതിയ തീരുമാനം.

ഭക്ഷണം ഓര്‍ഡര്‍ നല്‍കുന്നവരോട് തന്നു വിടുന്ന പാത്രം തിരിച്ചു നല്‍കാന്‍ ആദ്യം തന്നെ തങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. കൂടാതെ 200 രൂപ ഡെപ്പോസിറ്റ് എന്ന നിലയില്‍ ഓര്‍ഡര്‍ ചെയ്യുന്നവരുടെ പക്കല്‍ നിന്നും മേടിക്കാറുമുണ്ട്. എന്നാല്‍, പാത്രം തിരിച്ചു തരുമ്പോള്‍ മേടിച്ച 200 തിരികെ നല്‍കുകയും ചെയ്യുമെന്നും ഹോട്ടലുടമ ഗണേഷ് ഷെട്ടി പറഞ്ഞു.

സര്‍ക്കാരിന്റെ പുതിയ തീരുമാനത്തെ തങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നു. പരിസ്ഥിതിക്ക് ഗുണകരമാകുന്ന ഇത്തരം തീരുമാനങ്ങള്‍ വളരെ നല്ലതാണെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, പ്ലാസ്റ്റിക് നിരോധനം കാരണം സംസ്ഥാനത്തെ ധാരാളം ഹോട്ടലുകാര്‍ വിഷമമനുഭവിക്കുന്നുണ്ട്. അതുകൊണ്ട്‌ ഗവണ്‍മെന്റ് അവര്‍ക്ക് എല്ലാം ശരിയാവും വരെ കുറച്ച് സമയം നല്‍കണമെന്നാണ് തന്റെ അഭ്യര്‍ത്ഥനയെന്നും ഗണേഷ് വ്യക്തമാക്കി. പുതിയ തീരുമാനത്തോടെ സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ ആപ്പുകള്‍ തങ്ങളുടെ സേവനം താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ് അതിനാല്‍ ഉപഭോക്താക്കളും അല്പം നിരാശയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച് 23 നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നിയമം നടപ്പിലാക്കി തുടങ്ങിയത്. നിരോധനം ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ശിക്ഷയും ലഭിക്കുമെന്നും അറിയിച്ചിരുന്നു. പ്ലാസ്റ്റിക് കാരി ബാഗുകള്‍, പ്ലാസ്റ്റിക് പൗച്ചുകള്‍, ഒരിക്കല്‍ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ എന്നിവക്കെല്ലാം നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.

ആദ്യത്തെ തവണ പ്ലാസ്റ്റിക് നിരോധനം ലംഘിക്കുന്നവര്‍ക്ക് 5,000 രൂപയും രണ്ടാം തവണ ലംഘിക്കുന്നവര്‍ക്ക് 10,000 രൂപയും മൂന്നാമത് ലംഘിക്കുന്നവര്‍ക്ക് 25,000 രൂപയുമാണ് പിഴ ശിക്ഷ. ഇതിനൊപ്പം മൂന്ന് മാസം വരെ തടവ് ശിക്ഷയും ലഭിക്കും.

ശനിയാഴ്ച മുതല്‍ നിലവില്‍ വന്ന പ്ലാസ്റ്റിക് നിരോധനം നിരവധി പേരുടെ തൊഴിലിനെയും കമ്പനികളുടെ വരുമാനത്തെയും പ്രതികൂലമായി ബാധിച്ചെന്ന് റിപ്പോര്‍ട്ടുകളുമുണ്ട്. ബാഗുകളും കപ്പുകളുമുള്‍പ്പടെ എല്ലാവിധ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തെയും സംഭരണത്തെയും വിതരണത്തെയും നിരോധനം ബാധിച്ചു. ഇതുമൂലം പ്ലാസ്റ്റിക് ഉല്‍പ്പന്ന നിര്‍മ്മാണ കമ്പനികള്‍ക്ക് നഷ്ടം 15,000 കോടി രൂപയാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

Top