ഒരു ലക്ഷം അഗ്നിവീറുകൾക്ക് ജോലി വാഗ്ദാനവുമായി പ്ലാസ്റ്റ് ഇന്ത്യ ഫൗണ്ടേഷൻ

ന്യൂഡൽഹി: ഇന്ത്യൻ സേനയിലെ നാലു വർഷ സേവനത്തിനു ശേഷം പുറത്തിറങ്ങുന്ന ഒരുലക്ഷം ‘അഗ്നിവീർ’ സേനാംഗങ്ങൾക്കു ജോലി നൽകുമെന്നു പ്ലാസ്റ്റിക് വ്യവസായി സംഘടനകളുടെ കൂട്ടായ്മയായ പ്ലാസ്റ്റ് ഇന്ത്യ ഫൗണ്ടേഷൻ അറിയിച്ചു. രാജ്യത്ത് അരലക്ഷത്തിനു മീതെ പ്ലാസ്റ്റിക് നിർമാണ യൂണിറ്റുകളുണ്ട്. വ്യവസായം വളർച്ചയുടെ പാതയിലാണ്. പ്ലാസ്റ്റിക് വ്യവസായത്തിന്റെ കൂടുതൽ കുതിപ്പിന് അഗ്നിവീർ സേനാംഗങ്ങളുടെ കരുത്ത് പ്രയോജനപ്പെടുത്തുമെന്ന് പ്ലാസ്റ്റിക് ഫൗണ്ടേഷൻ പ്രസിഡന്റ് ജിഗിഷ് ദോഷി പറഞ്ഞു.

അതേസമയം, അഗ്നിപഥിൽനിന്ന് പിന്നോട്ടില്ലെന്നും രാത്രി വെളുത്തപ്പോൾ ഉള്ള പദ്ധതിയല്ലെന്നും പതിറ്റാണ്ടുകളായി ചർച്ചചെയ്ത് എടുത്ത തീരുമാനമാണെന്നും ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പറഞ്ഞു. അഗ്‍നിപഥ് പദ്ധതിക്കെതിരെ നിലവിൽ മൂന്ന് ഹർജികളാണ് സുപ്രീംകോടതിക്കു മുൻപാകെയുള്ളത്. ഈ ഹർജികളിൽ വാദം കേൾക്കും മുൻപ് തങ്ങളുടെ ഭാഗം കേൾക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ ആവശ്യം.

Top