കൊവിഡ് രോഗികളില്‍ കൊണ്‍വലസന്റ് പ്ലാസ്മ തൊറാപ്പി നടത്താന്‍ അനുമതി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ കൊവിഡ് രോഗികളില്‍ കൊണ്‍വലസന്റ് പ്ലാസ്മ തൊറാപ്പി നടത്താന്‍ അനുമതി ലഭിച്ചതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. അടുത്ത മൂന്നോ നാലോ ദിവസത്തിനുള്ളില്‍ പ്ലാസ്മ തൊറാപ്പിയുടെ പരീക്ഷണം ആരംഭിക്കുമെന്നും ഇത് വിജയകരമായാല്‍ ആരോഗ്യനില ഗുരുതരമായ രോഗികളെ രക്ഷിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് ഭേദമായവരുടെ രക്തത്തില്‍നിന്ന് വേര്‍തിരിക്കുന്ന ആന്റിബോഡി ഉപയോഗിച്ചുള്ള ചികിത്സയാണ് കൊണ്‍വലസന്റ് പ്ലാസ്മ തെറാപ്പി. രോഗിയുടെ ശരീരത്തിലെ കൊവിഡ് വൈറസിനെ ചെറുക്കാന്‍ കഴിവുള്ളവയായിരിക്കും ഈ ആന്റിബോഡി. ഗുരുതര രോഗികളിലും വെന്റിലേറ്റര്‍ സഹായത്താല്‍ ജീവന്‍ നിലനിര്‍ത്തുന്ന രോഗികളിലുമാണ് പ്ലാസ്മ തൊറാപ്പി നടത്തുക. കോവിഡ് ബാധിച്ച വിവിധ രാജ്യങ്ങള്‍ പ്ലാസ്മ ചികിത്സ ഫലപ്രദമായി ഉപയോഗിച്ചിരുന്നു.

പ്ലാസ്മ തെറാപ്പി ചികിത്സ നല്‍കുന്നതിനായി ക്ലിനിക്കല്‍ ട്രയല്‍ നടത്താന്‍ ആരോഗ്യമേഖലയിലുള്ള കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് ഐ.സി.എം.ആര്‍. അംഗീകാരം നല്‍കും. പ്ലാസ്മ തെറാപ്പിയുടെ സുരക്ഷിതത്വവും പ്രായോഗികതയും സംബന്ധിച്ചുള്ള പഠനത്തിനാണ് ക്ലിനിക്കല്‍ ട്രയലിന് അനുമതി നല്‍കുന്നതെന്നും ഐ.സി.എം.ആര്‍. വ്യക്തമാക്കി. ക്ലിനിക്കല്‍ ട്രയലിനുള്ള പ്രോട്ടോക്കോളിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി നേടിയിരിക്കണമെന്നും നിര്‍ദേശമുണ്ട്. ഈ മാസം പത്തിന് തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന് പ്ലാസ്മ തെറാപ്പിയുടെ ക്ലിനിക്കല്‍ ട്രയലിന് അനുമതി നല്‍കിയിരുന്നു.

Top