കോവിഡ് രോഗികളില്‍ പ്ലാസ്മ തെറാപ്പി ഫലപ്രദം: അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് രോഗികളില്‍ പ്ലാസ്മ തെറാപ്പി ഫലപ്രദമാകുന്നുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പരീക്ഷണാടിസ്ഥാനത്തില്‍ നാല് പേരിലാണ് ആദ്യം ചികിത്സ നടത്തിയത്. അതില്‍ രണ്ട് പേര്‍ക്ക് രോഗം ഭേദമായെന്നും കെജ്രിവാള്‍ പറഞ്ഞു. ഇന്ന് മുതല്‍ കൂടുതല്‍ ആളുകള്‍ക്ക് പ്ലാസ്മ ചികിത്സ നല്‍കി തുടങ്ങും എന്നും കെജ്രിവാള്‍ അറിയിച്ചു.

‘ആദ്യ ഘട്ടത്തിലെ ഫലങ്ങള്‍ മാത്രമാണിവ. ഇതിലൂടെ കൊറോണ വൈറസിന് പ്രതിവിധി കണ്ടെത്തിയെന്ന് പറയാനാവില്ല.പക്ഷെ പ്രതീക്ഷാ കിരണങ്ങള്‍ ഇവ നമുക്ക് നല്‍കുന്നു’, കെജ്രിവാള്‍ പറഞ്ഞു.

ഡല്‍ഹിയില്‍ പ്ലാസ്മ തെറാപ്പി ചികിത്സ നല്‍കിയ കോവിഡ്-19 രോഗിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഡല്‍ഹിയിലെ മാക്‌സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 49കാരനായ രോഗിക്കാണ് പ്ലാസ്മ തെറാപ്പി ചികിത്സ നല്‍കിയത്.

രോഗം വഷളായതിനെത്തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ഇയാളുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ പ്ലാസ്മ തെറാപ്പിക്ക് ശേഷം ആരോഗ്യനിലയില്‍ മാറ്റമുണ്ടാവുകയും തുടര്‍ന്ന് വെന്റിലേറ്ററില്‍ നിന്ന് മാറ്റുകയുമായിരുന്നു.

കഴിഞ്ഞ 16 നാണ് ഡല്‍ഹിയ്ക്ക് പ്ലാസ്മ ചികിത്സ നടത്താന്‍ ഐസിഎംആര്‍ അനുമതി നല്‍കിയത്. കേരളം, കര്‍ണാടക, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഡല്‍ഹിയെക്കൂടാതെ ഇപ്പോള്‍ പ്ലാസ്മ ചികിത്സയുള്ളത്.

ഡല്‍ഹിയില്‍ ഇതുവരെ 2376 പേര്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്.50 പേര്‍ക്കാണ് ഇവിടെ കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്.

Top