‘എനിക്കു വേണ്ടി സ്മാരകം നിര്‍മിക്കരുത്, വൃക്ഷത്തൈ നട്ട് പ്രകടിപ്പിക്കണം’, വില്‍പത്രത്തില്‍ ദവെ

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അനില്‍ മാധവ് ദവെയുടെ പരിസ്ഥിതി സ്‌നേഹം മരണത്തിലും അവസാനിക്കുന്നില്ല. അതു തെളിയിക്കുന്നതാണ്‌ അദ്ദേഹത്തിന്റെ വില്‍പത്രം. ‘മരണശേഷം എനിക്കു വേണ്ടി സ്മാരകം നിര്‍മിക്കരുത്, പകരം സ്‌നേഹവും ബഹുമാനവും വൃക്ഷത്തൈ നട്ട് പ്രകടിപ്പിക്കണം…’ എന്ന വില്‍പത്രത്തിലെ വാക്കുകള്‍ ദവെയുടെ പരിസ്ഥിതിയോടുള്ള കടപ്പാട് വ്യക്തമാക്കും.

നര്‍മദ നദിയുടെ തീരത്തുതന്നെ ചിതയൊരുക്കണമെന്നും ഒരിടത്തും തന്റെ പേരുവെച്ച് സ്മാരകം സ്ഥാപിക്കരുതെന്നും വില്‍പത്രത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു. 2012-ല്‍ ബൈപ്പാസ് സര്‍ജറിക്ക് വിധേയനായ ഉടനെയാണ് ദവെ വില്‍പത്രം എഴുതിയത്. പരിസ്ഥിതി സ്‌നേഹിയായിരുന്ന ദവെ, നര്‍മദ നദിയുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. ആര്‍.എസ്.എസ് പ്രവര്‍ത്തകനെന്ന നിലയിലും പാരിസ്ഥിതിക പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു അദ്ദേഹം പ്രാമുഖ്യം നല്‍കിയത്.

നദികള്‍ മലിനമാക്കുന്ന വ്യവസായസ്ഥാപനങ്ങള്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കുന്ന നിയമം കൊണ്ടുവരാനായിരുന്നു മന്ത്രിയായ ശേഷമുള്ള ആദ്യ തീരുമാനം. മലിനീകരണം തടയാനും ജലശ്രോതസുകള്‍ സംരക്ഷിക്കാനും ശക്തമായ നടപടികള്‍ ഉള്‍ക്കൊള്ളുന്ന നിയമത്തിനായിരുന്നു ദവെ ശുപാര്‍ശ ചെയ്തത്. ഗംഗയടക്കമുള്ള നദികളില്‍ മലിനീകരണം തടയാന്‍ നിരീക്ഷണ സംവിധാനമടക്കം ഒരുക്കാന്‍ നദികളുടെ കണക്കെടുപ്പ് നടത്താനും മന്ത്രി ഉത്തരവിട്ടിരുന്നു. ഇത് സംബന്ധിച്ച ബില്ലിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം.

മന്ത്രിയാകുന്നതിനു മുമ്പ് രാജ്യസഭയിലെ ജലവിഭവ കമ്മിറ്റി, വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ ഭാഗമായ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി എന്നിവയില്‍ അംഗമായിരുന്നു. 2010 മാര്‍ച്ച് മുതല്‍ ആഗോളതാപനം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവയുടെ പാര്‍ലമെന്ററി ഫോറത്തിലും ദവെ അംഗമായിരുന്നു.

മധ്യപ്രദേശ് ബര്‍ണഗറിലെ ഉജ്ജയിന്‍ സ്വദേശിയാണ് ദവെ. ഗുജറാത്തി കോളേജില്‍ നിന്ന് കൊമേഴ്‌സില്‍ ബിരുദാനന്തര ബിരുദം നേടി അദ്ദേഹം ഹിന്ദിയിലും ഇംഗ്ലീഷിലുമായി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ‘ അമര്‍ കണ്ഡക് ടു അമര്‍ കണ്ഡക്’, ‘ ബിയോണ്ട് കോപ്പണ്‍ഹഗെന്‍’ എന്നിവ അദ്ദേഹത്തിന്റെ കൃതികളാണ്.

Top