നക്‌സല്‍ മുന്നേറ്റങ്ങളുടെ അന്ത്യം സമാധാന ശ്രമങ്ങള്‍, വികസനം എന്നിവയിലൂടെ…

ക്സലിസത്തിന്റെ അവസാന നാളുകളാണ് രാജ്യത്തുള്ളതെന്നാണ് ആഭ്യന്തര മന്ത്രി കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്. മാവോയിസ്റ്റ് ആക്രമണങ്ങള്‍ക്കു മേല്‍ സുരക്ഷാ വിഭാഗം നേടിയ വിജയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നിഗമനം.

ഈ മാസം ആറിന് ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ 15 മാവോയിസ്റ്റുകളെ വധിക്കാന്‍ സൈന്യത്തിന് സാധിച്ചു. 2018ലെ ആദ്യ ആറ് മാസത്തില്‍ 122 മാവോയിസ്റ്റുകളാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.

നക്സല്‍ ബാധയുള്ള രാജ്യത്തെ ആകെ ജില്ലകളുടെ എണ്ണം 90 ആയി കുറയ്ക്കാനും ഈ കാലയളവില്‍ സാധിച്ചു. മാവോയിസത്തിന്റെ ശക്തി താഴേയ്ക്ക് പോകുന്നതായി നമുക്ക് കാണാന്‍ സാധിയ്ക്കും. കേന്ദ്ര കമ്മറ്റി അംഗങ്ങളും പോളിറ്റ് ബ്യൂറോ അംഗങ്ങളുമടക്കം കൊല്ലപ്പെട്ടു.

സുരക്ഷയിലും വികസനത്തിലും ഊന്നിയ ദേശീയ നയവും പ്രവര്‍ത്തന പദ്ധതികളുമാണ് ഇതിന് പ്രചോദനമായ ഘടകങ്ങള്‍. റോഡ് നിര്‍മ്മാണം, മൊബൈല്‍ ടവറുകള്‍, ബാങ്ക് വികസനം, പോസ്റ്റ് ഓഫീസുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍ തുടങ്ങിയ എല്ലാ കാര്യങ്ങളും ഉണ്ടെങ്കിലും ദാരിദ്രം കുറയ്ക്കാന്‍ സാധിച്ചതാണ് ഏറ്റവും വലിയ നേട്ടമായി കണക്കാക്കേണ്ടത്. സ്വകാര്യ ബ്ലോഗ് നടത്തിയ പഠനത്തില്‍ 2022 ആകുമ്പേഴേയ്ക്കും ഇന്ത്യയിലെ ദരിദ്ര ജനങ്ങളുടെ എണ്ണം 3 ശതമാനത്തില്‍ താഴെ എത്തുമെന്നാണ് നിഗമനം. ഇത് തുടര്‍ന്നാല്‍ 2030 ആകുമ്പോള്‍ പൂര്‍ണ്ണമായ ദാരിദ്ര നിര്‍മ്മാര്‍ജ്ജനം സാധ്യമാകുമെന്ന് പഠനം പ്രത്യാശ പ്രകടിപ്പിക്കുന്നു.

1971 ജുലൈ 1 മുതല്‍ ആഗസ്റ്റ് 15 വരെ നടന്ന ഓപ്പറേഷന്‍ സ്റ്റീപിള്‍ ചെയ്‌സില്‍ ചാരു മുജുംദാരിനെ അടക്കം അറസ്റ്റ് ചെയ്യാന്‍ സാധിച്ചതിനെ വലിയ കാര്യമായി സര്‍ക്കാര്‍ വിലയിരുത്തുന്നു. പാര്‍ട്ടിയിലെ ഭിന്നതയും സര്‍ക്കാരിനെ സഹായിച്ചു.
naxalism

എന്നാല്‍,1980 കളില്‍ ആന്ധ്രയില്‍ രൂപം കൊണ്ട പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ് വലിയ മുന്നേറ്റം രാജ്യത്താകമാനം ഉണ്ടാക്കി. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒറീസ്സ, കര്‍ണ്ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിടെ നക്‌സലേറ്റ് വിഭാഗങ്ങള്‍ ഈ രണ്ടാം ഘട്ടത്തില്‍ ശക്തി പ്രാപിച്ചു. 1991 ആയപ്പോഴേയ്ക്കും അത് അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി. സര്‍ക്കാരുകളുടെ നിയന്ത്രണത്തിന് അതീതമായിരുന്നു ഈ വളര്‍ച്ച.

മൂന്നാം ഘട്ടത്തില്‍, 2000 ഡിസംബര്‍ രണ്ടാം തീയതി തീവ്ര ഇടതുപക്ഷക്കാര്‍ ഗറില്ലാ യുദ്ധത്തിന് സജ്ജരായി. 2009 സെപ്തംബര്‍ 15ന് അന്നത്തെ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി നക്‌സലിസത്തെ വിശേഷിപ്പിച്ചു. 20 സംസ്ഥാനങ്ങളിലായി 223 ജില്ലകളില്‍ മാവോയിസ്റ്റുകള്‍ ശക്തമാണെന്ന് അന്നത്തെ ആഭ്യന്തരമന്ത്രി പി.ചിദംബരം സാക്ഷ്യപ്പെടുത്തി.

സ്വാതന്ത്രത്തിനു ശേഷം പിന്തുടര്‍ന്ന വികസന മാതൃകകള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ താങ്ങിനിര്‍ത്തുന്നതായിരുന്നില്ല. അത് ഒരു വിഭാഗത്തില്‍ അസംതൃപ്തി ഉണ്ടാക്കിയെന്ന് 2008 ല്‍ പ്ലാനിംഗ് കമ്മീഷന്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം അതിരൂക്ഷമായ രീതിയില്‍ വളര്‍ന്നു.

രാജ്യത്തിന്റെ ആകെ വരുമാനത്തിന്റെ 22 ശതമാനവും ഒരു ശതമാനം സമ്പന്നരില്‍ കേന്ദ്രീകരിക്കുന്നതായി ലോക തുല്യതാ പഠനങ്ങള്‍ വെളിപ്പെടുത്തി. ഇതെല്ലാം ഒരു വിഭാഗത്തെ കഷ്ടതകളില്‍ നിന്ന് കഷ്ടതകളിലേയ്ക്ക് നയിച്ചു. അഴിമതിയാണ് വലിയ കാരണമായി വിലയിരുത്തപ്പെടുന്നത്. നാസികില്‍ നിന്ന് മുംബൈയിലേക്ക് നടന്ന കര്‍ഷക മാര്‍ച്ചില്‍ ഇതിന്റെ പുതിയ ജനകീയ അസ്വസ്ഥതകള്‍ രാജ്യം കണ്ടു. ഇതിനിടയിലാണ് കര്‍ണ്ണാടക, കേരഴ, തമിഴ്‌നാട് അതിര്‍ത്തികളില്‍ മാവോയിസ്റ്റുകള്‍ ശക്തിപ്രാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നത്.

naxal parade

രണ്ട് മാര്‍ഗ്ഗങ്ങളാണ് നിലവിലെ പ്രശ്‌നത്തില്‍ സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നത്. ഒന്ന് മാവോയിസ്റ്റ് ആക്രണങ്ങളെ അടിച്ചമര്‍ത്തുക എന്നതാണ്. പക്ഷേ, കൂടുതല്‍ ശക്തിയോടെ സംഘടന പ്രതിരോധങ്ങള്‍ സംഘടിപ്പിക്കാന്‍ സാധ്യതയുണ്ട്. രണ്ടാമത്തേത് സമാധാന ശ്രമങ്ങളാണ്. നേതാക്കളുമായി അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുക. പ്രത്യേകിച്ച് ആദിവാസി മേഖലകളില്‍.

രാജ്യത്തെ ദാരിദ്ര നിര്‍മ്മാര്‍ജ്ജന യത്‌നങ്ങള്‍ വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മാവോയിസം പോലുള്ള പ്രതിരോധങ്ങള്‍ കുറയാനാണ് സാധ്യത. എങ്കിലും കേരളത്തിലടക്കം നിലനില്‍ക്കുന്ന ഭീഷണികളുടെ വാര്‍ത്തകള്‍ക്ക് പരിഹാരം വേണമെങ്കില്‍ സംയമനത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

റിപ്പോര്‍ട്ട് : എ.ടി അശ്വതി

Top