പി സി ജോര്‍ജുമായി സ്വപ്‌ന ഗൂഢാലോചന നടത്തി; പൊലീസ് എഫ്‌ഐആര്‍

തിരുവനന്തപുരം: സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷ് പി സി ജോർജുമായി ഗൂഢാലോചന നടത്തിയെന്ന് പൊലീസിന്റെ എഫ്‌ഐആർ. ഇപ്പോഴത്തെ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയാണ്. രണ്ടു മാസം മുമ്പാണ് സ്വപ്‌ന പി സി ജോർജുമായി ഗൂഢാലോചന നടത്തിയത്. വ്യാജ പ്രചാരണം നടത്തി പ്രതിപക്ഷ പാർട്ടികളെ തെറ്റിദ്ധരിപ്പിച്ച്, നാട്ടിൽ കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമമാണ് നടത്തിയതെന്നും എഫ്‌ഐആറിൽ പറയുന്നു.

സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും, ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മുൻമന്ത്രി കെ ടി ജലീൽ ആണ് പൊലീസിൽ പരാതി നൽകിയത്. ഇതുപ്രകാരം തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷൻ ഡപ്യൂട്ടി ഡയറക്ടറുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കേസിൽ സ്വപ്ന സുരേഷ് ഒന്നാം പ്രതിയും പി.സി.ജോർജ് രണ്ടാം പ്രതിയുമാണ്.

സ്വപ്‌നയ്ക്കും പി സി ജോർജിനുമെതിരെ 120 ബി, 153 വകുപ്പുകൾ പ്രകാരം ഗൂഢാലോചനയ്ക്കും കലാപ ശ്രമത്തിനുമാണ് കേസെടുത്തത്.
കേസ് അന്വേഷിക്കാൻ മുതിർന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തലവനെ ഇന്ന് തീരുമാനിക്കും. എഡിജിപി റാങ്കിൽപ്പെട്ട ഉദ്യോഗസ്ഥനെയാകും അന്വേഷണ മേൽനോട്ടത്തിനായി നിയോഗിക്കുക എന്നാണ് സൂചന.

Top